Header Ads

Header ADS

മാതൃഭൂമിയുടെ ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ ശ്രേയാംസ് കുമാറിന് ദോഷമായോ?

തൊണ്ണൂറ്റി ഒൻപത് സീറ്റുകൾ നേടി തുടർഭരണത്തിന്റെ പടിക്കെട്ടുകൾ നടന്നുകയറുന്ന എൽ.ഡി. എഫിന് ലഭിച്ച നാല് തിരിച്ചടികളാണ് കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിന്റെയും പാലായിലെ ജോസ് കെ മാണിയുടെയും തൃപ്പൂണിത്തുറയിൽ എം. സ്വരാജിന്റെയും കുണ്ടറയിൽ മേഴ്സികുട്ടി അമ്മയുടെയും തോൽവി. നൂറ്റി മുന്നിലേക്ക് എത്തുമായിരുന്നു ഭൂരിപക്ഷം ഇവരുടെ അപ്രത്യക്ഷമായ തോൽവിയിലൂടെ തൊണ്ണൂറ്റി ഒൻപതിൽ ഒതുങ്ങി. നിലവിലെ ഭൂരിപക്ഷം ഒരു ശക്തമായ സർക്കാറിന് സധൈര്യം മുന്നോട്ട് പോകാൻ ശക്തിപകരുന്ന പിന്തുണയാണ്. എന്നിരുന്നാലും ശക്തമായ ഒരു ഇടത് തരംഗത്തിലും പ്രമുഖരായ ഈ നാലുപേരുടെ തോൽവി എൽ.ഡി.ഫ്‌ ക്യാംപിൽ ഉണ്ടാക്കിയിട്ടുള്ള അമ്പരപ്പ് ചെറുതല്ല. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും മേഴ്സികുട്ടി അമ്മയുടെ നിലപാടുകളും അവരുടെ പരാജയത്തിന് കാരണമായിട്ടുണ്ടാവാം. പാലായിൽ, കാലങ്ങളായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോണ്ഗ്രസ്സ് (എം) എൽ.ഡി. എഫിൾക്ക് വന്നത് പല പാർട്ടിപ്രവർത്തകർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല, വോട്ട് ചെയ്യാനും. ബാർ കോഴക്കേസും കെ.എം.മാണിക്ക് എതിരെ എൽ.ഡി.എഫ് എടുത്ത നിലപാടുകൾക്കെതിരായി വോട്ട് ചെയ്യാൻ എൽ.ഡി.എഫുകാർ മടിച്ചു. കൂടെ കേരളാ കോണ്ഗ്രസിലെ പിളർപ്പും പരാജയത്തിന് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ടി വന്നതും പല പാർട്ടി പ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കി. അതുപോലെ മാണി.സി.കാപ്പന്റെ വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനങ്ങൾ ജനവിധി കാപ്പന് അനുകൂലമാക്കാനുതകുന്നതായിരുന്നു. തൃപ്പൂണിത്തുറയിൽ 2016ഇൽ നേമത്ത് നടന്നതിന്റെ നേരെ എതിരാൻ തൃപ്പൂണിത്തുറയിൽ നടന്നത്. കഴിഞ്ഞ തവണ നേമത്ത് 45000 വോട്ട് കൊണ്ഗ്രസ്സുകാർ ബിജെപിക്ക് മറിച്ചുവെങ്കിൽ ഇത്തവണ തൃപ്പൂണിത്തുറയിൽ ബിജെപി കോണ്ഗ്രസ്സിന് മറിച്ചുനൽകി, കെ.ബാബുവിനെ ജയിപ്പിക്കാൻ. അയ്യപ്പനെതിരെ സംസാരിച്ച സ്വരാജിനെ തോൽപ്പിക്കാൻ. തിരഞ്ഞെടുപ്പിന് മുൻപേ ഇത് ബാബു അടക്കമുള്ളവർ പരസ്യമായി പറഞ്ഞതുമാണ്. ഇത്രയും പൊതുമണ്ഡലത്തിൽ അറിവുള്ള കാര്യം. എന്നാൽ കൾപ്പറ്റയിലെ കാര്യം?

മാതൃഭൂമി പത്രത്തിന്റെയും മാതൃഭൂമി ന്യൂസിന്റെയും ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ പാർട്ടി അണികളിൽ ചെറുതല്ലാത്ത വിരോധം ഈ രണ്ട് സ്ഥാപനങ്ങളോടും ഉണ്ടായിട്ടുണ്ട്. വാർത്തകളിലെ സംഘ് പരിവാർ അനുകൂല നിലപാടും ബിജെപി പ്രീണനവും പലപ്പോഴും വ്യക്തമായിരുന്നു. നിക്ഷ്പക്ഷത മാറ്റിവെക്കാൻ പലപ്പോഴും മാതൃഭൂമി തയ്യാറായി. 2020 സെപ്റ്റംബർ17ന് ഇറങ്ങിയ മാതൃഭൂമി പത്രം അക്ഷരാർഥത്തിൽ മലയാളികളെയും മാതൃഭൂമിയുടെ വായനക്കാരെയും ഞെട്ടിക്കുന്നതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഒരു പ്രത്യേക സപ്ലിമെന്റ് ഇറക്കുകയുണ്ടായി, അതുവഴി മോദി ഭക്തരായ ഹിന്ദുക്കൾക്കിടയിലെ സർക്കുലേഷൻ വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതേ തുടർന്ന് സാമൂഹിക പ്രവർത്തക ആർ.അജിതയെ പോലുള്ളവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. "ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിൽ തന്നെ എത്തിച്ചത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ." എന്ന് അജിത പറഞ്ഞു.

മാതൃഭൂമി മാനേജിങ്ങ് എഡിറ്ററായ എം.വി. ശ്രേയാംസ് കുമാർ 2020 ഓഗസ്റ്റ് 24ന് സംസ്ഥാനത്തുനിന്നുള്ള എൽഡിഎഫിന്റെ രാജ്യസഭാ എംപി ആയി സത്യപ്രതിജ്ഞ ചെയ്തതിന് തോട്ട് പിന്നാലെയാണ്  മാതൃഭൂമി പത്രം മോദി സ്തുതിയുമായി സപ്ലിമെന്റ് ഇറക്കിയത്. ഇതൊക്കെ പാർട്ടിയെ സൂക്ഷ്മമായി വീക്ഷിക്കുന്ന പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ്. ഇതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റ് കാരണങ്ങളും ഉണ്ട് ഈ പരാജയത്തിൽ. പാലായിലെ പോലെ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റ് യുഡിഫ് വിട്ട് വന്ന ഘടക കക്ഷിക്ക് നൽകി, 2016ഇൽ വിജയിച്ച സി.കെ.ശശീന്ദ്രന്റെ എതിർ സ്ഥാനാർഥിയായ ശ്രേയാംസ് കുമാറിന് ഇത്തവണ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ പലരും മടിച്ചു. ശശീന്ദ്രന് ഒരു രണ്ടാം ഊഴം നാലാകാതിരുന്നതിലും പാർട്ടി ഘടകങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടായി. ശശീന്ദ്രനെ മുന്നിൽ നിർത്തിയാണ് പ്രാചാരണ പരിപാടികൾ ഏകോപിപ്പിച്ചത്. ശ്രേയാംസ് കുമാർ സംസാരിക്കുന്നതിന് മുൻപ് എല്ലാ വേദികളിലും എൽജെഡി സ്ഥാനാർഥിക്ക് വേണ്ടി വോട്ട് തേടുക എന്നതായിരുന്നു ശശീന്ദ്രനിൽ നിക്ഷിപ്‌തമായിരുന്ന കർത്തവ്യം. അത് അദ്ദേഹം കൃത്യമായി ചെയ്തിട്ടും ജനങ്ങൾ ഇടതുപക്ഷ സ്ഥാനാർഥിയെ കൈവിട്ടു. 

ഘടക കക്ഷികളെ കൂടെ ചേർക്കുന്നതിലും അവർക്ക് സീറ്റ് നൽകുന്നതിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യമാണ് കൽപ്പറ്റയിലെയും പാലയിലെയും പരാജയങ്ങൾ ചൂണ്ടി കാണിക്കുന്നത്.

No comments

Powered by Blogger.