Header Ads

Header ADS

Clubhouse അഥവാ ക്ലബ്ഹൗസ്

 എന്താണ് ക്ലബ്ഹൗസ്? 

ട്രെൻഡുകൾ അതിവേഗം മാറിമറിയുന്ന സൈബർ വേൾഡിലെ കുശലം പറയാനുള്ള ഒരിടമാണ് ക്ലബ്ഹൗസ്.

സൂര്യന് താഴെ ഏത് വിഷയത്തെക്കുറിച്ചും  ആധികാരികമായി സംസാരിക്കാൻ കഴിവുള്ള, വാ പൂട്ടിവെയ്ക്കാൻ ഇഷ്ട്ടമില്ലാത്ത മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ പുത്തൻ ആപ്പാണ് ക്ലബ്ഹൗസ്. 2021 മെയ് മാസം 21ന് ആൻഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ലോകത്ത് ക്ലബ്ഹൗസ് ക്ലബ്ബുകളും റൂമുകളും ഒക്കെ ആയി സജീവമായത്. 

 

കഴിഞ്ഞ ഒറ്റയാഴ്ചകൊണ്ട് സൈബർ ലോകത്തെ ഇളക്കിമറിച്ച ആപ്പ് ഏതെന്ന് ചോദിച്ചാൽ അതിന് മറ്റൊരു ഉത്തരമില്ല അത് ക്ലബ്ഹൗസ് മാത്രമാണ്. സംഗതി അമേരിക്കൻ ആണെങ്കിലും മലയാളികൾക്ക് ക്ലബ്ഹൗസ് വല്ലാണ്ടങ്ങ് ബോധിച്ചു കഴിഞ്ഞു. അത് ആപ്പിൻ്റെ  ഇപ്പോഴത്തെ ബീറ്റാ വേർഷന് ലഭിച്ചിരിക്കുന്ന ലഭിക്കുന്ന സ്വീകാര്യതയിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മാസമാണ് ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയത്. ഇതോടെയാണ് ക്ലബ്ഹൗസ് സാധാരണക്കാരുടെ സ്വന്തമായി മാറിയത്. 

ചുമ്മാ  വർത്തമാനം പറയാനുള്ള ഒരു സൈബറിടം എന്ന് വേണമെങ്കിൽ ഒരു ഓളത്തിൽ പറയാം. എന്നാൽ മലയാളികൾ ക്ലബ്ഹൗസിൽ നാടകം വരെ അവതരിപ്പിച്ചുകഴിഞ്ഞു, പഴയ റേഡിയോ നാടകങ്ങളുടെ അതെ നിലവാരത്തിൽ. ഡി.വൈ.എഫ്.ഐയും കനൽ കൂട്ടായ്മയും ചേർന്ന് "ലക്ഷ ദീപം" എന്ന നാടകമാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ചത്. 

Clubhouse iOS

നാട്ടിലെ ചായക്കടയിലെ ചൂടുപിച്ച രാഷ്ട്രീയ ചർച്ചയും, കൂട്ടുകാർ കൂടിയുള്ള ഗോസ്സിപ് ചർച്ചകളും, ഒരു സിനിമയെപ്പറ്റിയുള്ള കൂലംകഷമായ വാദങ്ങളും പ്രതിവാദങ്ങളും എന്ന് വേണ്ട ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ഹൗസിൽ സംസാരിക്കാം, കേൾവിക്കാരനാവാം. സൂം, ഗൂഗിൾ മീറ്റ് പോലെയുള്ള വീഡിയോ കോളിംഗ് ആപ്പുകൾ സജീവമായ ഈ കാലത്ത് ശബ്ദം മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലബ്ഹൗസിൻ്റെ വിജയം വളരെ അപ്രതീക്ഷിതമാണ് എങ്കിലും വായാടായ്ക്കാതെ സംസാരിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം സൂര്യന് താഴെ ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാൻ ഈ അപ്ലിക്കേഷൻ തീർച്ചയായും മുതൽക്കൂട്ടാണ്. എല്ലാത്തരം ചർച്ചകളും സംവാദങ്ങളും കൊണ്ട് നിറയുകയാണ് ക്ലബ്ഹൗസ്.

കോവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടും ഉണ്ടായ ലോക്ഡൗൺ വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനുകൾക്ക് നൽകിയ വൻസ്വീകാര്യതയാണ് ക്ലബ്ഹൗസ് ജനപ്രീയമായതിൽ പ്രധാന പങ്കുവഹിച്ചതും. 2020 വർഷം മാർച്ചിൽ അമേരിക്കയിൽ ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി എന്ന് പേരുള്ള സ്ഥാപനം ആണ് ക്ലബ്ഹൗസ് ഐഒഎസ് പ്ലാറ്റഫോമിൽ ആദ്യമായി അവതരിപ്പിച്ചത്. ഈ സമയത്ത് അമേരിക്ക കോവിഡ് മൂലം ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സമയമാണ്. ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി സ്ഥാപകരായ പോൾ ഡേവിസണും രോഹൻ സേതും പക്ഷെ ആൻഡ്രോയിഡ് പ്ലാറ്റഫോമിൽ ക്ലബ്ഹൗസിൻ്റെ സേവനം ലഭ്യമാക്കാൻ തുടങ്ങിയത് ഒരു വർഷത്തിന് ശേഷം 2021 മെയ് മാസത്തിലാണ്. ലോക്ക്ഡൗണിൽ വീടുകളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായ ജനങ്ങൾ പതുക്കെ ക്ലബ്ഹൗസിൽ സംസാരിക്കാൻ തുടങ്ങി. നിലവിൽ ക്ലബ്ഹൗസ് അംഗമാവാൻ, ഒരു ക്ലബ്ഹൗസ് അംഗത്തിൻ്റെ ക്ഷണം ലഭിക്കുന്നത് വരെ കാത്തിരിക്കണം.

കഴിഞ്ഞ മാസം 21നാണ് ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പെത്തിയത്. ഒപ്പം പുതിയ ഉപഭോക്താവിന് ആപ്പ് ഉപയോഗിക്കാൻ ഇൻവിറ്റേഷൻ വേണം എന്ന നിബന്ധനയും ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി എടുത്തു മാറ്റി. ആപ്പ് ഉപയോഗിക്കാൻ താത്പര്യം ഉള്ളവർക്ക് യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന രീതിയിൽ ആപ്പ് പുതുക്കി. എന്നാലും പുതിയ ആളുകൾക്ക് ക്ലബ്ഹൗസ് ഉപയോഗിച്ച് തുടങ്ങണമെങ്കിൽ ക്ലബ്ഹൗസിൽ ഉള്ള ഒരാൾ അഡ്മിറ്റ് ചെയ്യണം. ഇതോടെ ക്ലബ്ഹൗസ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. നിലവിൽ ഓരോ ദിവസവും 10 മില്യൺ ജനങ്ങൾ 'ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്ന് പേരുള്ള തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

​എന്താണ് ക്ലബ്ഹൗസ് പ്രവർത്തന രീതി?

ചായക്കടയിലെ ചൂടുള്ള ചർച്ചകൾ, ഒരേ ചിന്താഗതിക്കാരുടെ സൗഹൃദ സദസ്സ്, അന്തിചർച്ചകൾ, നാട്ടുക്കൂട്ടങ്ങൾ, സംവാദങ്ങൾ, രാഷ്ട്രീയ പാർട്ടിക്കാരുടെ പൊതു സമ്മേളനങ്ങൾ പോലും എന്നിവ വിർച്വൽ ആയി നടത്താനുള്ള സൗകര്യമാണ് ഈ ആപ്പ് ഒരുക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, അവിടേക്ക് നമുക്ക് താത്പര്യമുള്ളവർ ക്ഷണിക്കാനും, മറ്റുള്ളവർ സഘടിപ്പിക്കുന്ന ചർച്ചകളിൽ ശ്രോതാക്കളാവാനും, സംസാരിക്കാനുമുള്ള അവസരം ആപ്പ് നൽകുന്നു. ചർച്ചകാൾ നടക്കുന്ന വേദിയെ ക്ലബ്ഹൗസ് റൂം എന്നാണ് ക്ലബ്ഹൗസിൽ അറിയപ്പെടുന്നത്. ആർക്കും ഒരു റൂം തുടങ്ങാം. 8000 അംഗങ്ങളെവരെ ഒരു റൂമിന് ഉൾകൊള്ളാൻ കഴിയും. ആ ചർച്ച സംഘടിപ്പിക്കുന്ന വ്യക്തിയാണ് ആ ചർച്ചയുടെ മോഡറേറ്റർ. മോഡറേറ്റർ ഒന്നോ ഒന്നിലധികമോ ആളുകൾക്ക് ആവാം, പ്രസ്തുത റൂം തുടങ്ങിയ ആൾക്കാണ് ആരൊക്കെയാണ് മോർഡറേറ്റർമാർ ആവേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയുക. തുടർന്ന് ഓരോ മോർഡറേറ്റർക്കും ഈ അധികാരം ലഭിക്കും. മോർഡറേറ്റർമാർക്കാണ് ആരൊക്കെയാണ് റൂമിൽ സംസാരിക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ സാധിക്കുക. ഓപ്പൺ റൂമുകളിൽ ലോകത്തെവിടെയുമുള്ള ക്ലബ്ഹൗസ് ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. അതെ സമയം സോഷ്യൽ റൂമുകളിൽ സംഘടിപ്പിക്കുന്ന വ്യക്തിയുടെ ഫോളോവേഴ്സിന് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. ശ്രോതാക്കളിൽ ഒരാൾക്ക് എന്തെങ്കിലും അഭിപ്രായം പറയണമെങ്കിൽ 'റൈസ് ഹാൻഡ്' ഓപ്ഷൻ ക്ലിക്ക് ചെയ്യാം. ഈ സമയത്ത് മോഡറേറ്റർ ആണ് സംസാരിക്കാനുള്ള അനുമതി നൽകുക. ചർച്ചയിൽ നിന്നും ഇറങ്ങിപ്പോവാൻ 'ലീവ് ക്വയറ്റ്ലി' എന്ന ഓപ്ഷനുമുണ്ട്. ചർച്ചകളിൽനിന്ന് പുറത്തിറങ്ങുമ്പോൾ കൃത്യമായി 'ലീവ് ക്വയറ്റ്ലി' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തിരിക്കണം, കാരണം ക്ലബ്‌ഹൗസ് ബാക് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ്. അതായത് വെറുതെ ഫോണിലെ ഹോം ബട്ടൺ പ്രസ് ചെയ്ത് ആപ്പിൽനിന്ന് പുറത്തിറങ്ങിയാലും ക്ലബ്‌ഹൗസ് പ്രവർത്തിച്ചുകൊണ്ടേ ഇരിക്കും. റൂമിൻ്റെ മോഡറേറ്റർക്ക് ഒരാളെ കേള്വിക്കാരുടെ നിരയിൽനിന്ന് സംസാരിക്കേണ്ടവരുടെ നിരയിലേക്ക് ഉയർത്തികൊണ്ടുവരാനും അയാളെ  "അൺ മ്യുട്ട്" ചെയ്യാനും സാധിക്കും. അങ്ങനെ സംഭവിക്കുന്ന പക്ഷം നമ്മുടെ ഭാഗത്ത് നിന്നുള്ള ഓഡിയോ റൂമിലുള്ള മറ്റുള്ളവർ കേൾക്കാനുള്ള സാദ്യത കൂടുതലാണ്.  

​എന്താണ് ഈവൻസ്, ക്ലബ്സ്, ക്രിയേറ്റർ ഫസ്റ്റ്

ക്ലബ്‌ഹൗസിലെ മിക്ക ചർച്ചകളും മുൻകൂട്ടി തീരുമാനിക്കാത്തതാണ്. അതെ സമയം മുൻ‌കൂട്ടി ചർച്ചകൾ ആസൂത്രണം ചെയ്യാനുള്ള സംവിധാനമാണ് ഇവെന്റ്സ്. ഒരു ചർച്ച ക്രമീകരിക്കാനും തിയതിയും സമയവും തീരുമാനിച്ച താല്പര്യം ഉള്ളവരെ ക്ഷണിക്കാനും നോട്ടിഫിക്കേഷൻ അയക്കാനും ഇവെന്റ്സ് സഹായിക്കുന്നു.

ഒരു വിഷയത്തിൽ താല്പര്യമുള്ള ആൾക്കാർക്ക് പതിവായി സംസാരിക്കാനുള്ള കമ്മ്യൂണിറ്റികളാണ് ക്ലബ്ബുകൾ. കുറഞ്ഞത് മൂന്ന് റൂമുകളെങ്കിലും ഹോസ്റ്റുചെയ്തിട്ടുള്ള സജീവ ഉപയോക്താക്കൾക്ക് മാത്രമേ ഒരു ക്ലബ് സൃഷ്ടിക്കാൻ യോഗ്യതയുള്ളൂ. ഓരോ ഉപയോക്താവിനും ഒരു ക്ലബ് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ക്ലബ്ബിൽ ആഡ് ചെയ്യുന്നവർക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് പോലെ അടുത്ത ചർച്ചയെപ്പറ്റിയുള്ള നിർദേശങ്ങളും വിവരങ്ങളും ലഭിക്കും.

ക്ലബ്‌ഹൗസിലെ ചർച്ച സംഘടിപ്പിക്കുന്നവർക്ക് അവരുടെ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാനും പണം സമ്പാദിക്കാനുമുള്ള ആക്‌സിലറേറ്റർ പ്രോഗ്രാമാണ് ക്ലബ്‌ഹൗസ് ക്രിയേറ്റർ ഫസ്റ്റ്.

​ക്ലബ്‌ഹൗസ് എങ്ങിനെ ഉപയോഗിക്കാം?

ഗൂഗിൾ പ്ലെയ്സ്റ്റോറിലും ഐഓഎസ് ആപ്പ്സ്റ്റോറിൽ നിന്നും ക്ലബ്‌ഹൗസ് അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

ആപ്പ് തുറക്കുമ്പോൾ ‘ഗെറ്റ് യുവർ യൂസർനെയിം’ (Get your username) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകി ഒടിപി നമ്പർ രേഖപ്പെടുത്തുക.

യൂസർനെയിമും ഫോട്ടോയും നൽകിയാൽ ആപ്പ് പ്രവർത്തനയോഗ്യമായി

ആപ്പ് തുറക്കുമ്പോൾ വിവിധ വിഷയങ്ങൾ സ്‌ക്രീനിൽ തെളിയും. ഇതിൽ നിന്നും നിങ്ങൾക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുത്താൽ അതുമായി ബന്ധപ്പെട്ട തത്സമയ ചർച്ചകൾ ഹോം പേജിൽ പ്രദർശിപ്പിക്കും. ഇഷ്ടമുള്ള ചർച്ചയിലേക്ക് ജോയിൻ ചെയ്യാം. ഓർക്കുക ചർച്ചകളിൽനിന്ന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും 'ലീവ് ക്വയറ്റ്ലി' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. 

​എതിരാളികളും വന്നുകഴിഞ്ഞു

ക്ലബ്‌ഹൗസിൻ്റെ അത്ഭുതവാഹമായ വളർച്ച കണ്ട് പല ടെക് ഭീമന്മാരും ഞെട്ടിയിരിക്കുകയാണ്, അവർ പലരും സ്വന്തം ബദലുകൾ തയ്യാറാക്കിയിട്ടുണ്ട്, മറ്റ് ചിലർ തയ്യാറാക്കുന്ന പാതയിലാണ്.  ആദ്യം പലരും ക്ലബ്‌ഹൗസിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് സ്വന്തം ബദലുകളുമായ് എത്തിയത്. മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ച സ്‌പെയ്‌സെസ് ക്ലബ്‌ഹൗസിന് സമാനമാണ്. റെഡ്‌ഡിറ്റ് ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച റെഡ്‌ഡിറ്റ് ടോക്, സ്പോട്ടിഫൈ മാർച്ചിൽ അവതരിപ്പിച്ച ലോക്കർ റൂം, ഡിസ്‌കോർഡിന്റെ സ്റ്റേജ് ചാനൽസ് എന്നിവയും ക്ലബ്‌ഹൗസിന് സമാനമാണ്. ഫേസ്ബുക്കും, ടെലെഗ്രാമും, സ്‌ലാക്കും ക്ലബ്‌ഹൗസിന് ബദൽ തയ്യാറാക്കികൊണ്ടിരിക്കുകയാണ്.


No comments

Powered by Blogger.