Header Ads

Header ADS

കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് സർക്കാരിനെ ബോധിപ്പിക്കാൻ അറിവുള്ള ആരും കേരള കേഡർ സിവിൽ സർവീസിൽ ഇല്ലേ?

പലകാര്യങ്ങൾ ഒരുപോക്കിൽ സാധിച്ച് വീടിനുള്ളിൽ അടങ്ങിയിരിക്കാം എന്ന് ചിന്തിക്കുന്നവരെ പോലും പല ആവശ്യങ്ങൾക്കായ് പലതവണ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് നിലവിലെ കേരള സർക്കാരിൻ്റെ കോവിഡ് നിയന്ത്രണങ്ങൾ.  

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് സർക്കാരിനെ ബോധിപ്പിക്കാൻ അറിവുള്ള ഉദ്യോഗസ്ഥർ ആരും നിലവിൽ കേരള കേഡർ സിവിൽ സർവീസിൽ ഇല്ലേ? തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ എന്നാണ് സർക്കാർ വാദം. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ അടക്കം എല്ലാ ഇടങ്ങളിലും തിരക്ക് ഗണ്യമായി വർധിപ്പിക്കുന്നതിന് ഇടയാക്കുന്നതാണ്. കോവിഡ് മൂലം സംസ്ഥാനത്ത് ജനസംഖ്യ കുറഞ്ഞിട്ടില്ല, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ കുറഞ്ഞിട്ടില്ല എന്നിരിക്കെ പലചരക്ക്, പച്ചക്കറി, അടക്കമുള്ള കടകളും ബാങ്കുകളും ചുരുങ്ങിയ സമയം മാത്രം പ്രവർത്തിക്കുന്നത് അവിടങ്ങളിലെ തിരക്ക് വർധിപ്പിക്കാൻ മാത്രമാണ് ഇടയാക്കുന്നത്. 

തുറക്കണം, എല്ലാ സ്ഥാപനങ്ങളും തുറക്കണം, കോവിഡിന് മുൻപ് തുറന്നിരുന്നതിനേക്കാൾ കൂടുതൽ സമയം കടകളും ബാങ്കുകളും സർക്കാർ സ്ഥാനങ്ങളും തുറന്ന് പ്രവർത്തിക്കണം. എന്നാലേ ആളുകൾക്ക് തിക്കും തിരക്കും കൂട്ടാതെ സാവധാനം സാധനങ്ങൾ വാങ്ങാനും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനും കഴിയൂ. നിലവിൽ ഭൂരിഭാഗം സ്ഥാപനങ്ങളും ആഴ്ചയിൽ പല ദിവസങ്ങളിലായി  തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക്, ഒരേ ദിവസം തന്നെ ഇവയിൽ പല സേവനങ്ങളും ഒരേദിവസം ലഭിക്കാത്ത സാഹചര്യമുണ്ട്. അതിനായി പലദിവസങ്ങളിൽ പുറത്തിറങ്ങേണ്ടിവരുന്നുണ്ട്. നിലവിൽ തലമുടി മുറിക്കാനും, ബാങ്കിൽ പോകാനും, മൊബൈൽ ഫോൺ നന്നാക്കാനും, വണ്ടിയുടെ ടയർ മാറാനും ഒരേ വ്യക്തിക്ക് പലദിവസങ്ങളിലായി പുറത്തിറങ്ങേണ്ടി വരുന്നത് തിരക്കിന് കാരണമാകുന്നുണ്ട്. ഇത് ഇന്ധന നഷ്ടം, സമയ നഷ്ടം, രോഗം പിടിപെടാനുള്ള സാഹചര്യം കൂട്ടുകയും ചെയ്യുന്നുണ്ട് വർക്ക് ഫ്രം ഹോമായി ജോലിചെയ്യുന്നവരിൽ പലർക്കും ഇതുമൂലം അനാവശ്യമായി ആഴ്ചയിൽ പലദിവസങ്ങളിൽ വീടിന് പുറത്തിറങ്ങേണ്ടി വരുന്നു. 

ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് 7 മണിക്ക് അടയ്ക്കുന്നത് മൂലം വൈകിട്ട് 5 മണിക്ക് ശേഷം ജോലികഴിഞ്ഞുവരുന്നവർ സാധനങ്ങൾ വാങ്ങാൻ തിക്കും തിരക്കും ഉണ്ടാക്കുന്ന സ്ഥിതിയാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിൽ കണ്ടുവരുന്നത്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാതി 10 വരെയോ 11 വരെയോ തുറന്ന് പ്രവർത്തിച്ചാൽ ആളുകൾക്ക് തിരക്കില്ലാത്ത സമയം നോക്കി സാധനങ്ങൾ വാങ്ങി മടങ്ങാവുന്നതാണ്. സർക്കാർ ഓഫീസുകൾക്ക് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം രണ്ട് ഷിഫ്റ്റ് പരീക്ഷിക്കാവുന്നതാണ് അതുപോലെ ബാങ്കുകൾക്ക് സായാഹ്‌ന ശാഖകളും പരീക്ഷിക്കാവുന്നതാണ്. പൊതു ഗതാഗതതത്തെ ആശ്രയിക്കുന്നവർക്ക് പകൽ സമയങ്ങളിലും സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് വൈകുന്നേരങ്ങളിലോ രാത്രിയിലോ പുറത്തിറങ്ങി ആവശ്യങ്ങൾ നിറവേറ്റാനും ഇത്തരം ക്രമീകരണങ്ങൾ വഴി സാധിക്കും. ഒന്നര കൊല്ലമായി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് അധിക നേരം പ്രവർത്തിക്കാനുള്ള അനുമതി വളരെ ഗുണകരമാവും. ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇത് വളരെ സഹായകമാവും. പൊതു ഇടങ്ങളിൽ തിക്കും തിരക്കും കുറയുന്നതോടെ രോഗ വ്യാപന തോതും കുറയും. 

നിലവിൽ നല്ലരീതിയിൽ മുന്നോട്ട് പോകുന്ന വാക്സിനേഷൻ ജനങ്ങളെ കൂടുതൽ രോഗ പ്രധിരോധമാർജിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൻ്റെ സാധ്യത സംസ്ഥാനത്തിൻ്റെ പുരോഗതിയ്ക്ക് ഉപയോഗിക്കാനാവുന്ന തരത്തിൽ കോവിഡ് മാനദണ്ഡങ്ങളിൽ അനിവാര്യമായ മാറ്റം വരുത്തണം. പകൽ മുഴുവൻ തിക്കും തിരക്കും ഉണ്ടാക്കിയിട്ട് എല്ലാവരും വൈകിട്ട് 7 മാണി ആവുമ്പോഴേക്ക് വീടുകളിൽ കയറി അടച്ചിരുന്നാൽ കോവിഡ് ബാധിക്കില്ല എന്ന് ഏത് ആരോഗ്യ ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത് എന്ന് ഈ വിഷയത്തിൽ സർക്കാരിനെ ഉപദേശിക്കുന്നവർ പറഞ്ഞാൽ കൊള്ളാമായിരുന്നു. 

രോഗത്തിൻ്റെ സ്വഭാവം മനസിലാക്കുന്നത് വരെ ലോക്ക് ഡൗൺ നമുക്ക് അനിവാര്യമായിരുന്നു, എന്നാൽ തുടർന്നുള്ള അശാസ്ത്രീയ നിയന്ത്രണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. ഓരോ മനുഷ്യരും ഒന്നരക്കൊല്ലമായി നേരിടുന്ന അതിഭീകരമായ സാമ്പത്തിക പ്രശ്നങ്ങൾ ഭാവനയിലെങ്കിലും കാണാനും ആ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സർക്കാരിന്റെ ഉപദേശകരായ ഉദ്യോഗസ്ഥവൃന്ദം ശ്രമിക്കണം, അത് അവരുടെ കടമായാണെന്ന ബോധ്യവും ഉണ്ടാവണം. ഈ രീതിയിൽ ജീവിക്കുന്നതിലും നല്ലത് കോവിഡ് ബാധിച്ച് മരിക്കുന്നതാണെന്ന് ജനങ്ങളെകൊണ്ട് ചിന്തിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്യുന്നിടത്തേക്ക് എത്തിനിൽക്കുന്നു സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ. മാസാമാസം കൃത്യമായി ശമ്പളം അക്കൗണ്ടിൽ വരുന്ന ഉദ്യോഗസ്തർക്കറിയില്ല അന്നന്നത്തെ അന്നത്തിനുള്ള വക തേടുന്ന പട്ടിണി പാവങ്ങളുടെ സ്ഥിതി. മരണനിരക്ക് പിടിച്ചുനിർത്താനും രോഗവ്യാപന തോത് കുറയ്ക്കാനും ജനങ്ങളെ പൂട്ടിയിടുമ്പോൾ, അവർ ഒരുപാട് സഹിക്കുന്നുണ്ട് എന്നകാര്യം സർക്കാർ വിസ്മരിക്കരുത്. അവരുടെ ആത്മ നിയന്ത്രണങ്ങൾ പൊട്ടിപോകുന്നിടത്തേക്ക് എത്തരുത് നിയന്ത്രണങ്ങൾ. 

കൈ കഴുകേണ്ടതിൻ്റെയും, മാസ്ക് ധരിക്കേണ്ടതിൻ്റെയും, സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെയും ആവശ്യങ്ങൾ ബോധിപ്പിക്കുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയും മാസ്ക് ധരിക്കാത്തവർക്കെതിരെയും കൂട്ടം കൂടുന്നവർക്കെതിരെയും കർശന  നടപടികൾ എടുക്കുകയും ആവാം. എന്നാൽ ഇനിയും പൂട്ടിയിടലും അശാസ്ത്രീയ നിയന്ത്രണങ്ങളും ഒഴിവാക്കണം. ജനങ്ങളെ സ്വസ്ഥ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു ജനാധിപത്യ സർക്കാരിന് കഴിയില്ല.

No comments

Powered by Blogger.