Header Ads

Header ADS

ജഡ്‌ജിമാരും മനുഷ്യരാകണം - ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ആഞ്ഞടിച്ച് ജെ.കെമാൽ പാഷ


കോടതികളും നിയമജ്ഞരും ഇല്ലാത്ത ലോകത്തേക്ക് മടങ്ങിയ ഫാ. സ്റ്റാൻ സ്വാമിയുടെ ആത്മാവ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ വയ്ക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. 84 വയസ്സു കഴിഞ്ഞ, പാർക്കിൻസൺസ് രോഗബാധിതനായ, കൈവിറച്ചിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്തു കുടിക്കാനാകാത്ത ഒരാൾ രാജ്യസുരക്ഷയ്ക്ക് എന്തു ഭീഷണിയാണ് ഉയർത്തുന്നത്? ഇങ്ങനെ കിടന്നാൽ ഞാൻ ജയിലിൽത്തന്നെ മരിച്ചുപോയേക്കും എന്നു പറഞ്ഞിട്ടും ജാമ്യം നിഷേധിച്ച കോടതി എന്തു നീതിയാണ് നടപ്പിലാക്കിയത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. 

നിരന്തരം ചൂഷണം ചെയ്യപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ആദിവാസികൾക്കും അധഃസ്ഥിതർക്കും വേണ്ടി പോരാടിയതിന്റെ പേരിൽ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തിൻ്റെ  മരണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളാ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽ പാഷ മനോരമയ്ക്ക് നൽകിയ അഭിമുഖം.

ജുഡീഷ്യറിയുടെ വീഴ്ച

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ജുഡീഷ്യറിയുടെ വീഴ്ചതന്നെയായി കാണണം. ഇന്ത്യ പിന്തുടരുന്ന ക്രിമിനൽ നിയമ തത്വം അനുസരിച്ച് ഒരാൾ കുറ്റവാളിയെന്നു തെളിയിക്കപ്പെടുവോളം അയാളെ നിരപരാധിയായി കണക്കാക്കണം. പാർക്കിൻസൺസ് രോഗബാധിതനായ, തനിയെ ഒരു കപ്പ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ആയുസ്സ് ലഭിക്കുമോ എന്ന് ആലോചിക്കാനുള്ള വിവേചനബുദ്ധി കോടതിക്ക് ഉണ്ടാകേണ്ടിയിരുന്നു.

ഏതൊക്കെ നിയമസാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ട്, ഉചിതമായ ചികിത്സപോലും കിട്ടാതെ മരിച്ച ഫാ. സ്റ്റാൻ സാമിയോടു കാണിച്ചത് കടുത്ത നീതിനിഷേധമാണ്. ഭരണകൂടം പറയുന്നത് എല്ലാം ശരിയെന്നു കരുതാനാണെങ്കിൽ കോടതിയുടെയും ജഡ്ജിമാരുടെയും ആവശ്യമെന്ത്? കോടതിയുടെ തീരുമാനങ്ങളിൽ മാനുഷികതയും മാനുഷിക പരിഗണനയും വേണം. അതുകൊണ്ടാണ് ജഡ്ജിമാരായി മനുഷ്യരെ വച്ചിരിക്കുന്നത്, കംപ്യൂട്ടറുകളെ വയ്ക്കാത്തത്. പ്രതികളായി കോടതികളിൽ എത്തുന്നത് മനുഷ്യരാണ്. ജഡ്ജിമാരും മനുഷ്യരാകണം. എങ്കിലേ നീതി നടപ്പാക്കപ്പെടൂ.

ഭരണകൂട ഭീകരതയുടെ ഇര

യുഎപിഎ നിയമപ്രകാരമാണ് ഫാ.സ്റ്റാന്‍ സ്വാമിയെ ജയിലിൽ അടച്ചത്. ഒരാൾ കുറ്റവാളിയെന്നു തെളിയിക്കപ്പെടുവോളം അയാളെ നിരപരാധിയായി കണക്കാക്കണം. എന്നാൽ ഈ തത്വത്തിനു വിരുദ്ധമായ വ്യവസ്ഥയാണ് യുഎപിഎ നിയമത്തിലെ ജാമ്യത്തെ സംബന്ധിച്ച വകുപ്പ്. കേസ് ഡയറി പ്രകാരമോ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരമോ പ്രതിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്നു കരുതാൻ  കാരണങ്ങളുണ്ടെങ്കിൽ ജാമ്യം നൽകാൻ പാടില്ല. അതായത് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ യുഎപിഎ ആരോപണമുണ്ടെങ്കിൽ ജാമ്യം നൽകരുത്. ചുരുക്കിപ്പറഞ്ഞാൽ തങ്ങൾക്ക് അനഭിമതനായ ഒരാൾ വെളിച്ചം കാണരുതെന്ന് ഭരണകൂടം വിചാരിച്ചാൽ ഒരു യുഎപിഎ ആരോപണം മാത്രം മതി. 

ഇവിടെയാണ് കോടതിയുടെ മനുഷ്യത്വപരമായ സമീപനം വേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ പ്രായവും അനാരോഗ്യവും കണക്കിലെടുക്കണമായിരുന്നു. തനിയെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത വന്ദ്യവയോധികനായ അദ്ദേഹത്തിനു ജാമ്യം അനുവദിച്ചാൽ രാജ്യസുരക്ഷയ്ക്ക് എന്തു ഭീഷണിയാണ് ഉണ്ടാകുമായിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കോടതിക്കു കഴിയുമോ?

ജാമ്യത്തിലിറങ്ങിയാൽ അദ്ദേഹം കേസിലെ എന്തു തെളിവാണ് നശിപ്പിക്കുമായിരുന്നത്? നിയമപ്രകാരം നടക്കുന്നതെല്ലാം നീതിയാകണമെന്നില്ല. വിവേചനാധികാരം നീതിപൂർവകമായി പ്രയോഗിക്കാനും അർഹതപ്പെട്ടവനു ജാമ്യം നൽകാനും കോടതിക്കു കഴിയണം.

ജാമ്യം കിട്ടാതിരിക്കാൻ തന്ത്രങ്ങൾ

ഒരു ദിവസമെങ്കിലും പ്രതിയെ ജയിലിൽ ഇട്ടു കാണണമെന്ന ആഗ്രഹത്താൽ കേസുകൾ നൽകുന്നവർ വിരളമൊന്നുമല്ല. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തെന്നു വരും. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയാൽ അന്നുതന്നെ ജാമ്യാപേക്ഷയിൽ വാദം കേട്ട് തീരുമാനമെടുക്കണം. ബെയ്‌ലബ്ൾ കേസിൽ ജാമ്യം അവകാശമാണ്. നോൺ-ബെയ്‌ലബ്ൾ കേസിൽ ജാമ്യം നൽകുന്നത് കോടതിയുടെ വിവേചനാധികാരവും. പക്ഷേ, നോൺ-ബെയ്‌ലബ്ൾ കേസുകളിൽ ജാമ്യം നൽകും മുൻപ്  പ്രോസിക്യൂട്ടറെ കേട്ടിരിക്കണം.

അറസ്റ്റിലായ പ്രതിയെ ഇരുപത്തിനാലു മണിക്കൂറിനകം കോടതിയിൽ ഹാജരാക്കിയാൽ മതി. പ്രവൃത്തി സമയമല്ലെങ്കിൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കണം. മജിസ്ട്രേട്ടിന്റെ വീട്ടിൽ പ്രതിയെ ഹാജരാക്കുമ്പോൾ പ്രതിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് മുതൽ ലീഗൽ സർവീസ് അതോറിറ്റി സൗജന്യ നിയമ സഹായത്തിനായി വച്ച വക്കീലിനു പൊലീസ് നൽകിയ അറിയിപ്പ് വരെ വേണമെന്ന് വ്യവസ്ഥയുണ്ട്. പക്ഷേ, പൊലീസിനു വേണ്ടി ഹാജരാകുന്ന പ്രോസിക്യൂട്ടറുടെ സാന്നിധ്യം ആവശ്യമില്ല. പ്രതിയെ വീട്ടിൽ ഹാജരാക്കുമ്പോൾ പ്രോസിക്യൂട്ടർ ഇല്ലെന്നതുകൊണ്ടു തന്നെ വാദം കേൾക്കാൻ കഴിയില്ല. അതുകൊണ്ട് ജാമ്യം നൽകാനുമാകില്ല. അവിടെ പ്രതിക്ക് ജാമ്യം നൽകുന്നതിൽ മജിസ്ട്രേട്ട് നിസ്സഹായനാകും. 

പല കേസിലെയും പ്രതികളെ പ്രവൃത്തി സമയത്ത് കോടതിയിൽ ഹാജരാക്കാൻ വേണ്ടത്ര സമയവും സാവകാശവും ഉണ്ടെങ്കിലും ഹാജരാക്കാതെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുന്നത് പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള കുതന്ത്രമാണ്. പ്രതിയെ ഒരു ദിവസമെങ്കിലും ജയിലിടണമെന്ന വാശിക്ക് പൊലീസിലെ ചിലരെങ്കിലും കൂട്ടുനിൽക്കുകയാണ്. പ്രതിയെ ശിക്ഷിക്കാൻ തക്ക തെളിവ് ഹാജരാക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോഴും പൊലീസ് ഈ തന്ത്രം പ്രയോഗിക്കും. അവധി ദിവസങ്ങളിലും തുടർച്ചയായ അവധി ദിവസങ്ങളുടെ തുടക്കത്തിലും പ്രതിയെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പാണ്. കോടതി തുറക്കുന്നതു വരെയുള്ള ദിവസം അകത്തു കിടക്കും. ഇതൊക്കെ കടുത്ത നീതി നിഷേധമാണ്.

ഹതഭാഗ്യരായ വിചാരണത്തടവുകാർ

നീതി നിഷേധിക്കപ്പെടുന്ന മറ്റൊരു കൂട്ടരാണ് വിചാരണത്തടവുകാർ. പുറത്തിറങ്ങി കുടുംബത്തോടൊപ്പം സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ. പക്ഷേ, വിചാരണ എന്നു തുടങ്ങുമെന്നോ എന്നു തീരുമെന്നോ ഒരു നിശ്ചയവുമില്ലാത്ത നാളുകൾ. വിചാരണ തുടങ്ങിയാലും നീണ്ടുപോകാൻ കാരണങ്ങൾ പലതുണ്ട്. ജഡ്ജിയോ പ്രോസിക്യൂട്ടറോ അവധിയെടുത്താലും സാക്ഷി ഹാജരാകാതിരുന്നാലും ജയിലിൽനിന്ന് അകമ്പടി പോകാൻ പൊലീസുകാർ ഇല്ലാതെ വന്നാലുമൊക്കെ കേസ് മാറ്റിവച്ചുകൊണ്ടേയിരിക്കും. അന്തമില്ലാത്ത വിചാരണയിൽ ദിനങ്ങൾ എണ്ണിക്കഴിയുന്നതിനേക്കാൾ ഭേദം ശിക്ഷയാണ്. ഓരോ ദിവസവും കഴിയുന്തോറും ശിക്ഷാ കാലാവധി അവസാനിക്കാനുള്ള ദിനങ്ങൾ കുറയും. പുറത്തിറങ്ങുന്ന നിമിഷത്തിലേക്ക് ഓരോദിനവും അടുത്തുകൊണ്ടേയിരിക്കും.

മാറണം ക്രിമിനൽ നടപടിച്ചട്ടം

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദപ്രകാരം നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഒരാളുടെയും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കാൻ പാടില്ല. ജാമ്യം നൽകാൻ പ്രോസിക്യൂട്ടറെ കേൾക്കണമെന്നത് നിർബന്ധമെങ്കിൽ അവിടെ പ്രോസിക്യൂട്ടറുടെ സാന്നിധ്യം ഉറപ്പാക്കണം. പ്രതിയെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുമ്പോൾ പ്രോസിക്യൂട്ടറെ കൂടി പൊലീസ് ഹാജരാക്കാൻ ചട്ടം വേണം. ഇത്തരത്തിൽ ക്രിമിനൽ നടപടിച്ചട്ടം 437 ഭേദഗതി ചെയ്യണം. അല്ലെങ്കിൽ നീതി നിഷേധിക്കപ്പെടും. സാങ്കേതികവിദ്യകൾ ഇത്രത്തോളം പുരോഗമിച്ച കാലത്ത് വിഡിയോ കോൺഫറൻസിങ്ങിലൂടെയെങ്കിലും പ്രോസിക്യൂട്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കണം.

മുൻകയ്യെടുക്കേണ്ടത് പാർലമെന്‍റ് 

ഇതൊന്നും നിയമജ്ഞർക്കും നിയമനിർമാതാക്കൾക്കും അറിയാത്തതല്ല. ജുഡീഷ്യറിക്ക് നിയമം വ്യാഖ്യാനിക്കാനേ കഴിയൂ. നിയമം നിർമിക്കേണ്ടത് ലെജിസ്ലേച്ചറാണ്. ക്രിമിനൽ നടപടിച്ചട്ടം ഭേദഗതി ചെയ്യാൻ മുൻകയ്യെടുക്കേണ്ടത് പാർലമെന്റേറിയന്മാരാണ്. അതിനു സാഹചര്യം ഉണ്ടാകുമോ എന്നതു പ്രസക്തമായ ചോദ്യമാണ്. തങ്ങൾക്ക് അനഭിമതരായവരെ അകത്താക്കാൻ സൗകര്യപ്രദമായ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ഭരണകൂടം തയാറാകുമോ എന്നത് ഗൗരവതരമായ ചോദ്യമാണ്. ഭരണഘടനയെ ബഹുമാനിക്കുന്ന, ഭരണഘടനാ മൂല്യങ്ങളിൽ  വിശ്വാസമുള്ള, ജനാധിപത്യത്തിനു വില കൽപിക്കുന്ന, ജനങ്ങളോട് ആഭിമുഖ്യമുള്ള ഭരണകൂടത്തിനു മാത്രമേ അതിനു കഴിയൂ.  

No comments

Powered by Blogger.