Header Ads

Header ADS

മുല്ലപ്പെരിയാർ - അണക്കെട്ടിൽ വിള്ളലുകളും ബലക്ഷയവും : യുഎൻ റിപ്പോർട്ട് പുറത്ത്

മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെൻ്റ്  ആൻഡ് ഹെൽത്തിന്‍റെ' റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ . അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നതാണ്. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ നേരിട്ട് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും മൂലം മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎൻ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്. യുഎൻ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാൻസ്, കാനഡ, ജപ്പാൻ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്. 

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തർക്കവും നിയമപോരാട്ടവും റിപ്പോർട്ടിലുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്നാട് ഇതിനു സമ്മതിക്കുന്നില്ല. 2009ൽ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് എതിർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്. 

റിപ്പോർട്ടിലെ മറ്റു പ്രധാന കണ്ടെത്തലുകൾ

  • ലോകത്തിലെ 10,000ലേറെ ഡാമുകൾ 50 വർഷത്തെ കാലാവധി തീർന്നവയാണ്. പലതും 100 വർഷത്തിലേക്ക് അടുക്കുന്നു.
  • ലോകത്തിലെ ആകെ ഡാമുകളുടെ 55% (32,716) ഡാമുകൾ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്.
  • ഡാമുകളുടെ ശരാശരി ആയുസ്സ് 50 വർഷം.
  • ഇന്ത്യയിൽ 1,115 ഡാമുകളുടെ 50 വർഷ കാലാവധി 2025നകം തീരും. 4,250 ഡാമുകളുടെ കാലാവധി 2050ൽ തീരും. 64 ഡാമുകൾ 2050ൽ 150 വർഷം പഴക്കമുള്ളതാകും.
  • കഴിഞ്ഞ 40 വർഷമായി ഡാമുകളുടെ നിർമാണം കുറഞ്ഞിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്.

1896ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടകരമായ വിധത്തിൽ ചോർച്ച ദൃശ്യമായത് 1977ലാണ് 1979ലും 2011ലും ഉണ്ടായ ഭൂചലനങ്ങൾ  ഡാമിൽ വിള്ളൽ ഉണ്ടാക്കിടയിട്ടുണ്ട് . സുർക്കി മിശ്രിതം വലിയ തോതിൽ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായിട്ടുണ്ട്. ഈ ഘടനാപരമായ പ്രശ്നങ്ങളെ തുടർന്ന് ഡാം ഡീകമ്മീഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും തമിഴ്നാടിൻ്റെ എതിർപ്പ് മൂലം തൽസ്ഥിതി തുടർന്നു. ഡാമിൻ്റെ ബലക്ഷയം മൂലം കേരളത്തിലെ ജനങ്ങൾ ഭയചകിതരാണെന്നും നിലവിലെ ജലനിരപ്പ് കുറയ്ക്കണമെന്നുമാണ് അവരുടെ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. 

തമിഴ്നാടിൻ്റെ എതിർ‌പ്പ് അവഗണിച്ച് പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയാറാക്കി. അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാൻ 30 ബോർഹോളുകൾ നിർമിച്ചു സാംപിളുകൾ ശേഖരിച്ചു. വെള്ളത്തിലാകുന്ന 50 ഹെക്ടർ സ്ഥലത്തിന്റെ സർവേയും പൂർത്തീകരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കൺസൽറ്റൻസിയെ നിയമിച്ചെങ്കിലും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിയമപോരാട്ടത്തിനൊടുവിൽ പഠനം നടത്താൻ അനുമതി ലഭിച്ചതോടെ 2019ൽ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദർശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടർനടപടികളുണ്ടായില്ല.


മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം; തമിഴ്നാടിനോട് മുഖ്യമന്ത്രി 



വരുമോ മുല്ലപ്പെരിയാറിന് പകരം അണക്കെട്ട്?  

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിർമാണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. മുഖ്യമന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചർച്ച നടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. നേരത്തേ മുഖ്യമന്ത്രിതല ചർച്ച നടന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ചർച്ചകൾ നടന്നു. തമിഴ്‌നാട്ടിലെ തേനി, രാമനാഥപുരം ഉൾപ്പെടെയുള്ള ജില്ലകൾക്കു കൃഷിക്കും മറ്റാവശ്യങ്ങൾക്കും വെള്ളം ഉറപ്പാക്കിയാകും പുതിയ അണക്കെട്ടു നിർമാണം. പരിസ്ഥിതി ആഘാതപഠനം പുരോഗമിക്കുന്നു. വനം- പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്. 

No comments

Powered by Blogger.