Header Ads

Header ADS

കണ്മുന്നിൽ കത്തി ‘ചാരമായി’ ഫെയ്സ്‌ബുക്ക്‌, ഡൊമൈൻ വിൽപ്പനയ്ക്ക് വെച്ച് കമ്പനികൾ, ഇൻ്റർനെറ്റ് അന്ധകാരത്തിൻ്റെ ആറു മണിക്കൂർ

ഫേസ്ബുക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ "ബ്ലാക്ക് ഔട്ട്", നീണ്ട ആറ് മണിക്കൂർ ടെക് ലോകത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ അപ്രത്യക്ഷമാകൽ. ഫേസ്ബുക്കിനൊപ്പം സക്കർബർഗിൻ്റെ നിയന്ത്രണത്തിലുള്ള വഹട്സപ്പും ഇൻസ്റ്റഗ്രാമും കൂടെ പോയതോടെ ഉപയോക്താക്കളുടെ ഞെട്ടലിൻ്റെ തീവ്രത പതിന്മടങ്ങ് കൂടി. ഇതിന് മുൻപും സക്കർബർഗിൻ്റെ ഈ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഇൻ്റർനെറ്റിൽനിന്ന്  മുങ്ങിയിട്ടുണ്ടെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുവന്നിട്ടുണ്ട്. ഇൻ്റർനെറ്റിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ കൈകാര്യം ചെയ്യുന്ന മൂന്ന് അപ്പ്ലിക്കേഷനുകളാണ് ഒരു ദിവസത്തിലെ ആറ് മണിക്കൂർ അപ്രത്യക്ഷമായത്. ഇത് ചെറിയ ഒരു സാങ്കേതിക പിഴവുകൊണ്ടാണെന്ന് കരുതുക വയ്യ എന്നാണ് ടെക് ലോകത്തിന്റെ ശക്തമായ അഭിപ്രായം.

പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്ത വിധം വേൾഡ് വൈഡ് വെബിൽനിന്ന് ഫെയ്സ്ബുക്ക് അപ്രത്യക്ഷമായി. ലളിതമായി പറഞ്ഞാൽ, ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സേവനങ്ങളെ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കണക്‌ഷനുകളെല്ലാം ഫെയ്സ്ബുക് സ്വയം വിച്ഛേദിക്കുകയായിരുന്നു. സിലിക്കൺ വാലിയിലെ ഐടി വിദഗ്ധരെ അമ്പരപ്പിച്ചതും ഈ അസാധാരണ പ്രതിഭാസം ആയിരുന്നു.

ഇന്ത്യൻ സമയം ഒക്ടോബർ 4 രാത്രി 9.09. സാൻഫ്രാൻസിസ്കോയിലെ ക്ലൗഡ്ഫ്ലെയർ എന്ന കമ്പനിയുടെ ഓഫിസിൽ സമയം രാവിലെ 11.39. നെറ്റ്‌വർക് ട്രാഫിക്കിൽ അസാധാരണമായതെന്തോ കണ്ട എൻജിനീയർമാർ അമ്പരന്നു. ഫെയ്സ്ബുക് എൻജിനീയർമാരിലാരോ കമ്പനിയുടെ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോളിൽ (ബിജിപി) അപ്ഡേറ്റ് നടത്തിയിരിക്കുന്നു. ബിജിപി എന്നാൽ, ഫെയ്സ്ബുക് സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ കവാടമാണ്. ആ കവാടത്തിലേക്കുള്ള റൂട്ട്മാപ് പിന്തുടർന്നാണ് ലോകമെങ്ങുമുള്ള ഫെയ്സ്ബുക് ഉപയോക്താക്കൾ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. 

ബിജിപിയിൽ അപ്ഡേറ്റ് വരുത്തുക എന്നാൽ, അതീവഗുരുതരമായ എന്തോ സംഭവിച്ചു എന്നാണർഥം. കോടിക്കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു മഹാപാത, തിരക്കേറിയ സമയത്തു പൊടുന്നനെ കൊട്ടിയടച്ച പ്രതീതി. ഓരോ നിമിഷത്തിലും ഈ പാതയിലെ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഫെയ്സ്ബുക് ഏറ്റവും തിരക്കേറിയ സമയത്ത് ഗേറ്റ് അടയ്ക്കുക എന്നു വച്ചാൽ, അതിന് ഒരർഥമേയുള്ളൂ, ഫെയ്സ്ബുക്കിൽ എന്തോ വലിയ കുഴപ്പം സംഭവിച്ചിരിക്കുന്നു. രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രം രക്ഷപ്പെടാൻ കഴിയുന്ന അതിമാരകമായ സൈബർ ആക്രമണം, അല്ലെങ്കിൽ സ്വന്തം സെർവറുകളിൽ ഫെയ്സ്ബുക് നടത്തിയ വളരെ പ്രധാനമായ ഒരു അപ്ഡേറ്റ് പാളിപ്പോയിരിക്കുന്നു.

ക്ലൗഡ്‌ഫ്ലെയർ എൻജിനീയർമാർ ആശയക്കുഴപ്പത്തിലായി. ഇന്റർനെറ്റിലെ ഏറ്റവും ശക്തമായ കണ്ടന്റ് ഡെലിവറി, ഡിഡിഒഎസ് സുരക്ഷാ സേവനമായ ക്ലൗഡ്ഫ്ലെയർ അറിയാതെ ഫെയ്സ്ബുക്കിന്റെ എന്നല്ല, ഒരു കമ്പനിയുടെയും ഇന്റർനെറ്റ് ട്രാഫിക്കിൽ ഒന്നും സംഭവിക്കില്ല. ഫെയ്സ്ബുക് പോലെയുള്ള വൻമരങ്ങൾ ഉൾപ്പെടെ കോടിക്കണക്കിനു വെബ്സൈറ്റുകൾക്ക് സുരക്ഷ ഒരുക്കുന്ന ക്ലൗഡ്ഫ്ലെയർ സൈബർ ആക്രമണങ്ങളിൽനിന്ന് അവയെ സംരക്ഷിക്കുകയും അവയുടെ ഇന്റർനെറ്റ് ട്രാഫിക് അനുനിമിഷം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക് ട്രാഫിക്കിലെ മാറ്റത്തിൽ ആദ്യം ആശങ്കപ്പെടേണ്ടതും ക്ലൗഡ്ഫ്ലെയർ തന്നെ.

ഫെയ്സ്ബുക് ട്രാഫിക്കിലെ അസാധാരണത്വം നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഒരു മഹാപ്രവാഹം കൺമുന്നിൽ അപ്രത്യക്ഷമാകുന്നത് ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ കണ്ടത്. ക്ലൗഡ്ഫ്ലെയർ എൻജിനീയർമാരായ ടോം ട്രിക്സ്, സെൽസോ മർട്ടീഞ്ഞോ എന്നിവരുടെ വാക്കുകളിൽ പറഞ്ഞാൽ ഫെയ്സ്ബുക് കൺമുന്നിൽ ചാരമായി മാറുകയായിരുന്നു. വിശദമായ പരിശോധനയിൽ, കുഴപ്പത്തിന്റെ ഉത്തരവാദിത്തം തങ്ങളുടേതല്ലെന്നും ഫെയ്സ്ബുക് ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിനിരയായിട്ടില്ലെന്നും ക്ലൗഡ്ഫ്ലെയർ തിരിച്ചറിഞ്ഞു. എന്നാൽ, ഫെയ്സ്ബുക് സ്വയം ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിച്ചെന്നും തങ്ങളുടെ സെർവറുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന 350 കോടി ഉപയോക്താക്കളെ അന്ധരകാരത്തിലാഴ്‍ത്തി എവിടെയോ അപ്രത്യക്ഷമായെന്നും വിശ്വസിക്കുക എളുപ്പമായിരുന്നില്ല.

ഫെയ്സ്ബുക് സേവനങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപാണ് കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സിബിഎസ് ചാനലിലെ ‘60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടൽ ഉൾപ്പെടെയുള്ള വിവാദങ്ങളിലേക്കു വെളിച്ചം വീശിയ കേബ്രിജ് അനലിറ്റിക്ക വിവാദം മുതൽ ഫെയ്സ്ബുക്കിന്റെ വിനാശകരമായ ഇടപെടലുകളെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തുന്ന, അതുവരെ ‘അജ്ഞാതയായിരുന്ന’ ഈ 37കാരി ടിവി ചാനലിൽ സ്വന്തം പേരിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 

ഫെയ്സ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തുനിന്നുള്ള ആഭ്യന്തര രേഖകളുടെ പിൻബലത്തോടെയായിരുന്നു ഫ്രാൻസെസിന്റെ വെളിപ്പെടുത്തലുകൾ. കേവലം ആരോപണങ്ങൾ മാത്രമായിരുന്നില്ല അത്. അക്രമത്തിനും, വെറുപ്പിനും, വ്യാജപ്രചാരണങ്ങൾക്കുമെതിരെ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ഫെയ്സ്ബുക്കിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു രേഖകൾ യുഎസ് നിയമവകുപ്പിനും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിനും കൈമാറിയ ഫ്രാൻസെസ് ടിവി അഭിമുഖത്തിൽ ആരോപണങ്ങൾ അടിവരയിട്ടു.

വെറുപ്പും നുണയും അക്രമങ്ങളും ഫെയ്സ്ബുക് പ്രോൽസാഹിപ്പിക്കുന്നു, ഇവയിലൂടെ കമ്പനി വരുമാനമുണ്ടാക്കുന്നു. സമൂഹത്തിന്റെ നന്മയും സുരക്ഷയും അപകടത്തിലാക്കി കമ്പനി ലാഭം കൊയ്യുന്നു. ലോകനന്മയോ സ്വന്തം നന്മയോ തിരഞ്ഞെടുക്കേണ്ടി വന്നപ്പോഴൊക്കെ ഫെയ്സ്ബുക് സ്വന്തം നന്മ തിരഞ്ഞെടുത്തു. കമ്പനിയുടെ ലാഭക്കൊതി ലോകത്ത് കലാപങ്ങൾക്കും വംശഹത്യകൾക്കും വഴിവച്ചുകൊണ്ടിരിക്കുന്നു- തുടങ്ങിയവയായിരുന്നു ഫ്രാൻസെസിന്റെ ആരോപണങ്ങൾ.  ഫെയ്സ്ബുക്കിനെതിരെ അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്നു മുറവിളി ഉയർന്നു, അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഭിമുഖം സംപ്രേഷണം ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ ഫെയ്സ്ബുക്കിനെതിരെ അടുത്ത വെളിപ്പെടുത്തൽ എത്തി. 150 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ അടങ്ങുന്ന ഡേറ്റ ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തിയത് ഹാക്കർ സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഒരാൾതന്നെയായിരുന്നു. പ്രൈവസി അഫയേഴ്സ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിലാണ് ഫെയ്സ്ബുക്കിൽനിന്നു ഡേറ്റ ചോർന്നതും ഡാർക് വെബ്ബിൽ എത്തിയതും. 10 ലക്ഷം പേരുടെ ഡേറ്റയ്ക്ക് വില 5000 ഡോളർ. ഗുരുതരമായ ഈ രണ്ട് ആരോപണങ്ങൾക്കും ഫെയ്സ്ബുക് നൽകിയ മറുപടിയായിരുന്നു ഈ ‘അപ്രത്യക്ഷമാകൽ’ എന്നു ചിലരൊക്കെ സംശയിച്ചു.


തിരയിളക്കത്തിൽ ഉലഞ്ഞ് നെറ്റ്‌വർക്കുകൾ


ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവ നിശ്ചലമായി ഒരു മണിക്കൂറായപ്പോഴേക്കും ഇന്റർനെറ്റ് ട്രാഫിക്കിൽ അതിന്റെ തിരയിളക്കങ്ങൾ കണ്ടുതുടങ്ങി. വാട്സാപ് സ്വകാര്യതാനയം വിവാദമായ മാർച്ച്, എപ്രിൽ മാസങ്ങളിൽ ഉണർന്ന സിഗ്നൽ മെസഞ്ചറിലേക്ക് ഉപയോക്താക്കൾ ഇരച്ചുകയറി. ആപ്പ് ഡൗൺലോഡുകളുടെ എണ്ണം വർധിച്ചു. ഫെയ്സ്ബുക് വീഴ്ചയെപ്പറ്റി ചർച്ച ചെയ്യാനും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉണ്ടാക്കിയ ശൂന്യത നികത്താനും ആളുകൾ ട്വിറ്ററിൽ സജീവമായി. ടിക്‌ടോക്, ടെലഗ്രാം എന്നിവയിലും തിരക്കേറി. ഇതിന്റെ ഫലമായി ഈ സേവനങ്ങളുടെ വേഗം കുറഞ്ഞു. 


ട്വിറ്ററിൽ ട്വീറ്റുകൾ തുറക്കാനുള്ള സമയം 2 സെക്കൻഡിൽ നിന്ന് 10 സെക്കൻഡ് വരെ വർധിച്ചു. ഗൂഗിൾ സേവനങ്ങൾക്കെല്ലാം ചെറുതായി വേഗം കുറഞ്ഞു. ആശയവിനിമയത്തിനായി വാട്സാപ്പിനെ ഉപയോഗിച്ചിരുന്നവർ പെട്ടെന്ന് ഫോൺ കോളുകളിലേക്കു മാറിയതോടെ ലോകത്തിന്റെ പല ഭാഗത്തും മൊബൈൽ സേവനം തകരാറിലായി. റുമേനിയയിൽ ഫെയ്സ്‌ബുക് നിശ്ചലമായതിനു തൊട്ടുപിന്നാലെ ഒരേ സമയം 2 മൊബൈൽ സേവനദാതാക്കൾ കൂടി പണിമുടക്കി. നോർവെയിൽ ടെലിയ നെറ്റ്‌വർക്കിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. രാജ്യാന്തര കേബിൾ ശൃംഖലയിലെ തകരാർ മൂലം ലോകം മുഴുവൻ കണക്ടിവിറ്റി പ്രശ്നമാണെന്ന് ആശങ്കയും അഭ്യൂഹങ്ങളും വ്യാപിക്കാൻ ഇതു കാരണമായി.

തണുപ്പുരാജ്യങ്ങളിൽ മഞ്ഞുവീഴ്ച മൂലം ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിനൽകുമ്പോൾ അതിനെ ‘സ്നോ ഡേ’ എന്നാണു വിശേഷിപ്പിക്കാറുള്ളത്. വീട്ടിനുള്ളി തന്നെ കഴിയാം, വൈദ്യുതി പോലും ഉണ്ടായെന്നുവരില്ല. ഫെയ്സ്ബുക്ക് ജീവനക്കാർക്ക് തിങ്കളാഴ്ച ‘സ്നോ ഡേ’ ആയിരുന്നു. മഞ്ഞുവീഴ്ചയല്ല, സെർവറുകളെ ഇന്റർനെറ്റിൽനിന്നും വിച്ഛേദിച്ച അ‍ജ്ഞാതമായ ആ മഞ്ഞുമലയാണ് ജീവനക്കാർക്ക് ഓഫിസിനുള്ളിൽ ഒരവധി ദിനം നൽകിയത്. ഫെയ്സ്ബുക് സേവനങ്ങൾ ലോകത്താകെ നിശ്ചലമായതുപോലെത്തന്നെ ഫെയ്സ്ബുക് ഓഫിസുകളുടെ പ്രവർത്തനവും നിശ്ചലമായി. 

ഇന്റർനെറ്റുമായി ബന്ധമറ്റ ഫെയ്സ്ബുക് ഓഫിസുകളിൽ ജീവനക്കാർക്ക് ജോലി ചെയ്യുക അസാധ്യമായി. ജീവനക്കാർക്കായുള്ള കമ്പനിയുടെ സോഫ്റ്റ്‍വെയറും അനുബന്ധ ടൂളുകളും ഒന്നും പ്രവർത്തിച്ചില്ല. സുരക്ഷാവാതിലുകൾ പോലും തുറക്കാനായില്ല. പഞ്ച് ചെയ്ത് ഓഫിസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ജോലിക്കെത്തിയ ജീവനക്കാർ ഓഫിസ് കെട്ടിടത്തിനു മുന്നിൽ നിശ്ചലരായി നിന്നു. സ്വന്തം വർക് സ്റ്റേഷനുകളിലെ കംപ്യൂട്ടറുകളിലോ കോൺഫറൻസ് മുറികളിലോ സെർവർ റൂമുകളിലോ ഒന്നും പ്രവേശിക്കാനാവാതെ ജീവനക്കാർ നിശ്ചലരായി. നല്ലൊരു ശതമാനം ജീവനക്കാരും വർക് ഫ്രം ഹോം സംവിധാനത്തിൽ അവരവരുടെ വീടുകളിലിരുന്നു ജോലി ചെയ്യുന്ന സാഹചര്യമായതും പ്രശ്നം പരിഹരിക്കാൻ വൈകി. 

ഫെയ്സ്ബുക് സെർവറുകൾ ഇന്റർനെറ്റ് ബന്ധം ഉപേക്ഷിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ FACEBOOK.COM എന്ന വെബ്സൈറ്റ് വിലാസം വിവിധ ഡൊമെയ്ൻ റജിസ്ട്രേഷൻ കമ്പനികളിൽ വിൽപനയ്ക്കെത്തിയത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. ഇന്റർനെറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ആ ഡൊമെയ്ൻ ഇന്റർനെറ്റിനെ സംബന്ധിച്ച് അതിന്റെ റജിസ്റ്ററിൽനിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതാണ് ഡൊമെയ്ൻ റജിസ്ട്രേഷൻ കമ്പനികളിലെ ഓട്ടമാറ്റിക് സംവിധാനങ്ങൾ ഫെയ്സ്ബുക് വിലാസം വിൽപനയ്ക്കു വയ്ക്കാൻ കാരണം. അതേ സമയം, സ്വതന്ത്ര ഇന്റർനെറ്റ് വക്താവായ എഡ്വേഡ് സ്നോഡൻ വാട്സാപ് ഉപയോക്താക്കളോട് വാട്സാപ് ഉപേക്ഷിച്ചു സ്വകാര്യത ഉറപ്പു നൽകുന്ന സിഗ്നൽ സേവനത്തിലേക്കു മാറാൻ ആഹ്വാനം ചെയ്തു. ഫെയ്സ്ബുക്കിലെ തകരാർ സുരക്ഷാവീഴ്ചയുടെ തെളിവാണെന്നും സ്നോഡൻ ആരോപിച്ചു.

ആറു മണിക്കൂറിലേറെ ഓഫ്‍ലൈൻ ആയിരുന്ന ശേഷമാണ് ഫെയ്സ്ബുക് ബിജിപി വീണ്ടും സജീവമായത്. ഇതോടെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. തകരാർ സംബന്ധിച്ച് ഫെയ്സ്ബുക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ നേരത്തേ മനസ്സിലാക്കിയ വിശദീകരണം തന്നെയാണ് നൽകിയിരുന്നത്. ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റമാണ് കമ്പനിയെ വലിയ നാണക്കേടിലാക്കിയ പ്രതിസന്ധിക്ക് കാരണമെന്നും കുറിപ്പിൽ പറയുന്നു.

No comments

Powered by Blogger.