Header Ads

Header ADS

ഐ എ എസ്സുകാരെക്കാൾ ശമ്പളം പറ്റുന്ന കെ എ എസ്സുകാർ

രാജ്യത്ത് സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്ന പത്ത് ലക്ഷത്തോളം ഉദ്യോഗാർഥികളിൽനിന്ന്  തിരഞ്ഞെടുക്കപ്പെടുന്ന ആയിരത്തിൽ താഴെ ആളുകളാണ് അഖിലേന്ത്യ സർവീസ്, ഗ്രൂപ്പ് എ സർവീസ്, ഗ്രൂപ്പ് ബി സർവീസ് എന്നീ വിഭാഗങ്ങളിലായി രാജ്യത്ത് എല്ലാ കൊല്ലവും നിയമിക്കപ്പെടുന്നത്. ആദ്യ വിഭാഗമായ അഖിലേന്ത്യ സർവീസിലെ ഏറ്റവും ഉയർന്ന പോസ്റ്റാണ് ഐ എ എസ് (Indian Administrative Service). കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നട്ടെല്ല് എന്നത് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥരുൾപ്പെടുന്ന അഖിലേന്ത്യാ സർവീസും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസ് എന്നീവരും ചേർന്നതാണ്. ഗ്രൂപ്പ് എ സർവീസിലെ ഏറ്റവും ഉയർന്ന പോസ്റ്റാണ് ഐ എഫ് എസ് (Indian Foreign Service). രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്നത് ജോലിയുടെ പ്രത്യേകതയും ഉത്തരവാദിത്വവും കൊണ്ട് അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരാണ്. 

എന്നാൽ കേരള സർക്കാരിൻ്റെ പുതിയ തസ്തികയായ കെ എ എസ് ട്രെയിനികളുടെ ശമ്പളം ഐഎ എസ് ട്രെയിനികളുടെ ശമ്പളത്തേക്കാൾ കൂടുതലായി നിശ്ചയിച്ച മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം സർക്കാർ ഉത്തരവായി പുറത്തിറങ്ങി ഇറങ്ങി. രസകരമായ കാര്യം, കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനത്തിൽ രാജ്യത്തെ ഏറ്റവും ആകർഷകമായ ജോലിയുടെ ആദ്യ നിയമനമായ അസിസ്റ്റൻൻ്റ്  കളക്ടർ ജോലിയിൽ പ്രവേശിക്കുന്ന ഒരു ഉദ്യോഗസ്ഥന് അദ്ദേഹത്തിൻ്റെ ജൂനിയർ ഉദ്യോഗസ്ഥനായി കെ എ  എസ് കേഡറിൽ ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥനേക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിക്കുക എന്നതാണ്. ശമ്പളത്തിലെ ഈ ഘടനാപരമായ പ്രശ്നത്തിനെതിരെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ എതിർപ്പറിയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പിനെ മറികടന്നാണ് മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയത്. 81,800 രൂപയാണ് കെ എ എസ് ട്രെയിനികളിടെ  അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ഇത് ഐഎഎസ് ട്രെയിനികളുടെ ശമ്പളത്തേക്കാൾ വളരെ  കൂടുതലാണ്.

ഇത്രയധികം ശമ്പളം ലഭിക്കാൻ മാത്രം എന്ത് ജോലിയാണ് അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെക്കാൾ കെ എ  എസ് വഴി നിയമിതരാവുന്നവർ സംസ്ഥാനത്തെ ജനങ്ങക്ക് വേണ്ടി പ്രത്യേകമായി ചെയ്യുന്നത് എന്നാണ് അറിയേണ്ട ആദ്യത്തെ കാര്യം. ആത്യന്തികമായി ജനങ്ങളുടെ നികുതി പണമാണ് ഈ തരത്തിൽ അനാവശ്യമായി ചെലവിടുന്നത്. ഈ വീണ്ടുവിചാരമില്ലാത്ത തീരുമാനം സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പോലും ഭാവിയിൽ ബാധിച്ചേക്കാം. നിലവിൽ കേരള അഡ്മിനിസ്ട്രടിവ് സർവീസ് വഴി ആരും ജോലിയിൽ പ്രവേശിച്ചിട്ടില്ല, എന്നാൽ ഭാവിയിൽ ശമ്പളത്തിലെ ഈ വ്യത്യാസം ജീവനക്കാർക്കിടയിൽ ഒരു മൂപ്പിളമ തർക്കത്തിനും അതുവഴി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കുന്നതിലേക്കും എത്തിച്ചേക്കാം. ഇതൊക്കെയും ആത്യന്തികമായി ബാധിക്കുക കേരളത്തിലെ ജനങ്ങളെ ആണ്.  

അഖിലേന്ത്യ സർവീസ് - കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുകാർക്കിടയിലെ ഈ ശമ്പള വ്യത്യാസം  സ്പെഷ്യൽ അലവൻസ് അനുവദിച്ച് നികത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. കെ എ എസ്ൻ്റെ ശമ്പളം നിശ്ചയിച്ചിറക്കിയ ഉത്തരവ് പിൻവലിച്ച് ശമ്പളം കുറയ്ക്കാത്തിടത്തോളം അഖിലേന്ത്യ സർവീസുകാരെ സമാധാനിപ്പിക്കാൻ സ്പെഷ്യൽ അലവൻസ് അനുവദിക്കേണ്ടിവരും. അടുത്തിടെ നടന്ന ശമ്പള വർദ്ധനവിന് പുറമെയാണ് ഖജനാവിനുണ്ടാവുന്ന ഈ അധിക ബാധ്യത. പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറക്കുമ്പോഴുണ്ടായ വീണ്ടുവിചാരമില്ലായ്മയാണ് ഇത്രയധികം ശമ്പളം കേരളം അഡ്മിനിസ്ട്രടിവ് സർവീസിന് നിശ്ചയിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 

ഇതിൽ മൂപ്പിളമ തർക്കം എന്നതിനുപരി ഒരു സാമാന്യ സാമൂഹിക നീതിയുടെ നിഷേധമുണ്ട്. കെ എ എസ്സിലുള്ളവർ നിലവിലെ ശമ്പള സ്കെയിലിൽ മുന്നോട്ട് പോയി ഒൻപതു പത്തോ കൊല്ലം കഴിയുമ്പോൾ അഖിലേന്ത്യാ സർവീസിൽ (IAS) അസിസ്റ്റൻ്റ് കലക്ടറായി നിയമിക്കപ്പെടുമ്പോൾ ആ വർഷം അഖിലേന്ത്യാ സർവീസ് വഴി നേരിട്ട് നിയമിക്കപ്പെടുന്നവരേക്കാൾ അരലക്ഷം രൂപയിലധികം ശമ്പളം കൂടുതൽ വാങ്ങുന്നുണ്ടാവും ഉണ്ടാവും, എന്നാൽ നിലവിൽ ആ വ്യത്യാസം വളരെ ചെറുതാണ്. സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് പരീക്ഷയെഴുതി അസ്സിസ്റ്റൻ്റ്  ആയി ജോലിയിൽ പ്രവേശിക്കുന്നവർ 9 വർഷത്തെ അണ്ടർ സെക്രട്ടറി റാങ്കിലേ ജോലി ഉൾപ്പടെ 18 കൊല്ലത്തെ സർവീസിന് ഒടുവിൽ മാത്രമേ അഖിലേന്ത്യാ സർവീസിൽ എത്തുന്നുള്ളു. എന്നാൽ കെ എ എസ് വന്നതോടെ സ്ഥിതി മാറി, നേരിട്ട് അണ്ടർ സെക്രട്ടറി റാങ്കിലാണ് നിയമനം ലഭിക്കുക. 9 കൊല്ലം പൂർത്തിയാകുന്നതോടെ അഖിലേന്ത്യ സർവീസിലേക്ക് പരിഗണിക്കപ്പെടും. 

പരീക്ഷ സിലബസും പരീക്ഷയുടെ കാഠിന്യവും പരിഗണിച്ചാൽലും അഖിലേന്ത്യ സർവീസും കേരള സർവീസും തമ്മിൽ അജഗജാന്തര വ്യത്യസമുണ്ട്.  അഖിലേന്ത്യാ തലത്തിൽ വളരെ ബുദ്ധിമുട്ടേറിയ സിലബസും പഠിച്ച് പ്രാഥമിക തലത്തിൽ രണ്ട് പരീക്ഷയും എഴുത്ത് പരീക്ഷയിൽ ഭാഷയും ഉപന്യാസവുമടക്കം ഒൻപത് പരീക്ഷയും ചേർത്ത് പതിനൊന്ന് പരീക്ഷയും എഴുതി പാസായി പേഴ്സണാലിറ്റി ടെസ്റ്റും പാസായി വരുന്നവർ താരതമ്യേന ചെറിയ സിലബസും പഠിച്ച് മൊത്തം നാല് പരീക്ഷയും എഴുതി വരുന്നവരേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യേണ്ടിവരിക എന്നത് തീർച്ചയായും സാമാന്യ നീതിയുടെ നിഷേധമാണ്.  

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന പോലീസ് കോൺസ്റ്റബിളിനെ SIയുടെ കീഴിൽ CIയുടെ ശമ്പളം കൊടുത്ത് നിയമിക്കുന്നത് ശരിയാണോ? എന്നാൽ കെ എ സിന് കൂടുതൽ ശമ്പളം നൽകാൻ തീരുമാനിച്ച സർക്കാർ ഉത്തരവിനെ കുറിച്ച് ഏറ്റവും ലളിതമായി പറയാനാവുന്ന കാര്യം ഇതാണ്. സാധാരണ ഗതിയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർ കൂടുതൽ ഉത്തരവാദിത്വം വഹിക്കുന്നവരും കൂടുതൽ ജോലി ചെയ്യുന്നവരുമാകും. എന്നാൽ ഇവിടെ സ്ഥിതി മറിച്ചാണ്. കൂടുതൽ ഉത്തരവാദിത്വവും കൂടുതൽ ജോലിയും അഖിലേന്ത്യാ സർവീസുകാർക്കും കൂടുതൽ ശമ്പളം കേരള സർവീസുകാർക്കും.

പുതിയ തസ്തിക സൃഷ്ടിച്ചപ്പോൾ അപാകത സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുക എന്നത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെ കൂടുതൽ ശമ്പളം നൽകി പ്രശ്നം പരിഹരിക്കുകയല്ല വേണ്ടത്. അഖിലേന്ത്യ - കേരള സർവീസുകാർക്കിടയിലെ ശമ്പള വൈരുധ്യം പരിഹരിക്കാൻ  അഖിലേന്ത്യ സർവീസുകാരുടെ ശമ്പളവും വർധിപ്പിക്കാൻ തീരുമാനിച്ചാൽ അതിൻ്റെ ബാധ്യതയും ചുമക്കേണ്ടി വരിക കേരളത്തിലെ നികുതി ദായകരായ സാധാരക്കാർ തന്നെയാണ്. പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവും ഇവയൊക്കെ കൊണ്ടുണ്ടാകുന്ന പഴം, പച്ചക്കറി, ബസ് ചാർജ് വർദ്ധനവ്, ഓട്ടോ ചാർജ് വർദ്ധനവ് എന്നിവ മൂലം നട്ടം തിരിയുന്ന ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭാവിയിൽ ഈ അനാവശ്യ ശമ്പള വർദ്ധനവ് മൂലം അനേകായിരം കോടിയുടെ ബാധ്യത ഉണ്ടാക്കുന്നതിന് പകരം, ഇപ്പോഴേ ആ തെറ്റ് തിരുത്തുന്നതാണ് നല്ലത്. 

No comments

Powered by Blogger.