Header Ads

Header ADS

കേറി വാടാ മക്കളേ, 'പഴയ താപ്പാനകൾ' പറയുന്നത് ഒന്നും കാര്യമാക്കേണ്ട - മുരളി തുമ്മാരുകുടി എഴുതുന്നു

കേറി വാടാ മക്കളേ, "പഴയ താപ്പാനകൾ" പറയുന്നത് ഒന്നും കാര്യമാക്കേണ്ട - മുരളി തുമ്മാരുകുടി എഴുതുന്നു

ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതി വേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും ഇല്ലായിരുന്നു. ഒരു സുനാമി തുടങ്ങുകയാണ്.

കേരളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന വിദ്യാർഥികൾ പൊതുവെ നാലു ഗ്രൂപ്പിൽ ആണ് 

1. വിദ്യാഭ്യാസത്തിൽ നല്ല നിലവാരം പുലർത്തി ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരണം എന്ന ആഗ്രഹത്തോടെ ശ്രമിക്കുന്നവരും സ്കോളര്ഷിപ്പോടെയോ അല്ലാതെയോ അതിന് അവസരം ലഭിക്കുന്നവരും 

2. സാമ്പത്തികമായി നല്ല നിലയിലുള്ളവർ, ഉന്നത ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ പ്രവാസികളുടെ മക്കൾ, ബന്ധുബലമുള്ളവർ ഇതൊക്കെ കാരണം ശരിയായ ഗൈഡൻസ് കിട്ടി വിദേശത്ത് നല്ല സ്ഥാപനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ

3. മെഡിസിൻ വിദ്യാഭ്യാസത്തിന് വേണ്ടി ഫിലിപ്പീൻസ് മുതൽ മൊൾഡോവ വരെ പോകുന്നവർ.

4. വിദേശത്ത് നിയമപരമായി തൊഴിൽ ചെയ്യാൻ അവിടെ എത്തിച്ചേരാനായി വിദ്യാഭ്യാസത്തെ ഒരു മാർഗ്ഗമായി കാണുന്നവർ 

ഇവരിൽ മൂന്നാമത്തേയും നാലാമത്തേയും കൂട്ടരാണ് വിദേശ വിദ്യാഭ്യാസ കണ്സൾറ്റൻസികളുടെ പ്രധാന ഉപഭോക്താക്കൾ. ഇവരിൽ നാലാമത്തെ ഗ്രൂപ്പിനെ പറ്റിയാണ് ഇന്ന് എഴുതുന്നത്. മെഡിസിനെപ്പറ്റി പിന്നൊരിക്കൽ എഴുതാം

എന്റെ വിദേശത്തുള്ള സുഹൃത്തുക്കൾ ബഹു ഭൂരിപക്ഷവും ഒന്നും രണ്ടും  ഗ്രൂപ്പിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ അവർക്ക് ഈ മൂന്നും നാലും വകുപ്പിൽ പെട്ടവരോട് അല്പം പുച്ഛം ഒക്കെ ഉണ്ട്. ഇത്തരത്തിൽ "എങ്ങനെയെങ്കിലും" വിദേശത്ത് എത്തിപ്പറ്റാൻ ശ്രമിക്കുന്നത് തെറ്റാണെന്നോ, മോശമാണെന്നോ ഉള്ള മട്ടിൽ അനവധി ആളുകൾ എഴുതുന്നതും സംസാരിക്കുന്നതും കണ്ടു. "ഇവിടുത്തെ മോശം യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കുന്നത്, "എഞ്ചിനീയറിങ്ങ്  ഒക്കെ കഴിഞ്ഞിട്ട് കെയർ ഹോമിൽ ജോലിക്ക് പോവുകയാണ്'. എന്നൊക്കെ "പഴയ മലയാളികൾ" പറഞ്ഞു  കേൾക്കുന്നത് ഇപ്പോൾ സാധാരണയാണ് .  പറ്റുമ്പോൾ ഒക്കെ പുതിയതായി വിദേശത്ത്  എത്താൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ഇപ്പോൾ  വിദേശത്തുള്ളവർ പൊതുവെ ശ്രമിക്കുക (തൊള്ളായിരത്തി എൺപത്തി ആറിൽ ഞാൻ ഗൾഫിൽ പോകാൻ ശ്രമിച്ചപ്പോൾ "ഇപ്പോൾ ഗൾഫിൽ പണ്ടത്തെപ്പോലെ അവസരം ഒന്നുമില്ല എന്ന് പറഞ്ഞ ആളുടെ സ്മരണ!!).

എന്നെ സംബന്ധിച്ചിടത്തോളം വിദേശത്തേക്ക് പഠിക്കാൻ വരുന്നവരുടെ ലക്ഷ്യമോ മൂല്യമോ അപഗ്രഥിക്കുക എന്നത് എൻ്റെ ഉത്തരവാദിത്തം അല്ല. നാട്ടിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ റാങ്ക് നേടിയതിന് ശേഷം യൂറോപ്പിൽ ഇറച്ചി വെട്ടുന്ന ജോലിക്ക് നിൽക്കുന്ന മലയാളിയെ പരിചയപ്പെട്ട കഥ ഞാൻ പത്തു വർഷം മുൻപ് പറഞ്ഞിട്ടുണ്ട് (ഇപ്പോൾ അദ്ദേഹം മിക്കവാറും ആ കടയുടെ മുതലാളി ആയിക്കാണും). അതൊക്കെ അവരുടെ ഇഷ്ടം. മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു പോലീസ് ഉദ്യോഗസ്ഥനോ വില്ലേജ് ഓഫിസറോ ആകുന്നതിൽ നിന്നും എന്ത് മാറ്റമാണ് അവർ കെയർ ഹോമിലോ ഇറച്ചി വെട്ടു കടയിലോ എത്തിയാൽ ഉണ്ടാകുന്നത് ?. ഏതൊരു കർമ്മ മണ്ഡലത്തിലും അവരുടെ അറിവുകൾ അവർ ഉപയോഗിക്കും, സാദ്ധ്യതകൾ അനുസരിച്ച് മുന്നേറും. നാട്ടിൽ ബാങ്കിൽ ക്ലെർക്ക് ആവണോ യൂറോപ്പിൽ ഇറച്ചി വെട്ടണോ  എന്നതൊക്കെ കുട്ടികളുടെ സ്വന്തം ഇഷ്ടമാണ്. ഓരോരുത്തരുടെ സാഹചര്യം അനുസരിച്ചുള്ളതുമാണ്. അവിടെ നമ്മുടെ സൗകര്യങ്ങളിൽ ഇരുന്നിട്ട് ജഡ്ജ് ചെയ്യുന്നത് ശരിയല്ല. 

എന്നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന  കാര്യങ്ങൾ ആണ് പ്രസക്തമായിട്ടുള്ളത്.

1. എന്തുകൊണ്ടാണ് നാട്ടിൽ അത്യാവശ്യം സാമ്പത്തിക സാഹചര്യം ഉള്ളവർ പോലും പാശ്ചാത്യ രാജ്യങ്ങളിൽ "എന്തെങ്കിലും" തൊഴിലിൽ എത്താനുള്ള വ്യഗ്രത കാണിക്കുന്നത് ?.  ഇക്കാര്യത്തിൽ ഞങ്ങൾ കഴിഞ്ഞ മാസം ഒരു സർവ്വേ നടത്തിയിരുന്നല്ലോ.  അനവധി കാര്യങ്ങൾ ഉണ്ട്.  പക്ഷെ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ മൂല്യം പാശ്ചാത്യ രാജ്യങ്ങളിൽ എത്തുന്നവർ ആണ് ജീവിത വിജയം നേടിയവർ എന്നതാണ് (തൊള്ളായിരത്തി എൺപതുകളിൽ ഇത് ഗൾഫും തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഐ ടി യും കഴിഞ്ഞ കുറച്ചു നാളുകൾ ആയി സർക്കാർ ഉദ്യോഗവും ഒക്കെ യായിരുന്നു, ഇത് മാറുകയാണ്).  പെൺകുട്ടികൾ ആണ് കേരളത്തിൽ നിന്നും പുറത്തെത്താൻ കൂടുതൽ താല്പര്യം കാണിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്  (കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം കൂടുതൽ യാഥാസ്ഥിതികം ആയി മാറുന്നതാണ് ഇതിന്റെ പ്രധാന കാരണം). മറ്റനവധി കാരണങ്ങൾ ഉണ്ട്, വിശദമായി എഴുതാം. ഇതിൽ മാറ്റം ഉണ്ടാകാൻ വേണ്ടത് സാമൂഹ്യ മാറ്റങ്ങൾ ആണ്, സാമ്പത്തിക മാറ്റങ്ങൾ അല്ല.

2. എന്തുകൊണ്ടാണ് കിടപ്പാടം പണയപ്പെടുത്തി പോലും ആളുകൾ  കുട്ടികളെ വിദേശ വിദ്യാഭ്യാസത്തിന് അയക്കാൻ ശ്രമിക്കുന്നത് ?. ഇവിടെ കാരണം സാമ്പത്തികം തന്നെയാണ്. നാട്ടിൽ പോസ്റ്റ് ഗ്രാഡുവേഷൻ വരെ പഠിപ്പിച്ചാലും പത്തു ശതമാനം കുട്ടികൾക്ക് പോലും നാട്ടിൽ ഭാവി സാധ്യതകൾ ഉള്ള ജോലികൾ കിട്ടുന്നില്ല. എഞ്ചിനീയറിങ്ങ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപക്കുള്ള ജോലി പോലും ഇപ്പോഴും കിട്ടാനില്ല. നാട്ടിൽ വിദ്യാഭ്യാസം വേണ്ടാത്ത ജോലികളാണ് കൂടുതൽ ലഭ്യമായതും കൂടുതൽ കൂലിയുള്ളതും (ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത ഹോം നേഴ്സിന് നാലു വർഷം പഠനശേഷം  നേഴ്‌സ് ആകുന്നവരുടെ  നാലിരട്ടി ശമ്പളം കിട്ടുന്നു. ആയുർവേദ ഡോകർമാർക്ക് കിട്ടുന്നതിൽ കൂടുതൽ ശമ്പളം മസ്സാജ് പാർലറിലെ തൊഴിലാളികൾക്ക് ലഭിക്കുന്നു എന്നിങ്ങനെ).  ജോലി കിട്ടാത്തവർ  കുട്ടികൾ ആകട്ടെ ലഭ്യമായ തൊഴിൽ ചെയ്യുന്ന തൊഴിൽ സംസ്കാരം നാട്ടിൽ വളർന്നിട്ടുമില്ല. നിരാശ മൂത്തു കുറച്ചു പേരെങ്കിലും  ജോലികൾ ചെയ്യാതെ  മയക്കു മരുന്നിലേക്കും കൊട്ടേഷനിലേക്കും ഒക്കെ തിരിയുന്നു. ഇതേ വിദ്യാർഥികൾ  വിദേശത്തു പോയാൽ  എന്ത് ജോലി ചെയ്തും ജീവിക്കാൻ ശ്രമിക്കുന്നു.  അവർ ചെറുപ്പത്തിലേ കൂടുതൽ ഉത്തരവാദിത്ത ബോധം ഉള്ളവർ ആകുന്നു, വീട്ടിലേക്ക് സാമ്പത്തികമായി സഹായിക്കുന്നു. ഇതൊക്കെ കാണുന്ന മാതാ പിതാക്കൾ സ്വന്തം മക്കളെ എങ്ങനെയും കടൽ കടത്തി വിടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്.

3. എങ്ങനെയാണ് വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന കുട്ടികൾക്ക് ശരിയായ വിവരം നല്കാൻ സാധിക്കുന്നത് ? . ഇവിടെയാണ് ഇപ്പോൾ വിദേശത്തുള്ളവർക്ക്   കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ പറ്റുന്നത്. നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും അവർ വരും.  വരുന്നവരെ യൂണിവേഴ്സിറ്റി റാങ്കിങ്ങ് ഒന്നും പറഞ്ഞു നിരുത്സാഹപ്പെടുത്തേണ്ട. വിദേശത്തേക്ക് വരാൻ ശ്രമിക്കുന്നവർ ഭൂരിഭാഗവും അവിടുത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് നോക്കി വരുന്നവർ അല്ല, ഇവിടുത്തെ സാമ്പത്തിക സാഹചര്യം പ്രയോഗപ്പെടുത്താൻ വരുന്നവർ ആണ്. അവർക്ക് എന്തെങ്കിലും സഹായമോ ഉപദേശമോ നല്കാൻ ഉണ്ടെങ്കിൽ നൽകുക, ഇല്ലെങ്കിൽ അവരെ അവരുടെ വഴിയേ വിടുക.

4. ഏജൻസികളെ നിയന്ത്രിക്കണോ ?, വിദേശത്തേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ശ്രമിക്കുന്നതിൽ പ്രൊഫഷണൽ അല്ലാതെ പ്രവർത്തിക്കുന്നവർ തീർച്ചയായും ഉണ്ട്. പക്ഷെ മൊത്തത്തിൽ നോക്കിയാൽ ഇത്തരം ഏജൻസികൾ സമൂഹത്തിന് കൂടുതൽ ഗുണമാണ് ഉണ്ടാക്കുന്നത്. നാട്ടിലെ അനവധി ട്രാവൽ ഏജന്റുമാരും മുംബയിലെ തൊഴിൽ ഏജന്റുമാരുമാണ് മലയാളികളുടെ ഗൾഫ് പ്രവാസം സാധ്യമാക്കിയത്. അവരിൽ തീർച്ചയായും കള്ളനാണയങ്ങൾ ഉണ്ടായിരുന്നു. കുറച്ചു പേർക്കൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. പക്ഷെ പൊതുവിൽ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് പ്രവർത്തിച്ച ഇവരാണ് ഗൾഫ് ബൂം സാധ്യമാക്കിയത്. ഇന്നത്തെ വിദ്യാഭ്യാസ ഏജന്റുമാരും അതുപോലെയാണ്.  അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

5. എന്താണ് സർക്കാർ ചെയ്യേണ്ടത്. തൊള്ളായിരത്തി എഴുപതുകളിലെ ഗൾഫ് പോലെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് മലയാളികളുടെ ഒരു ഒഴുക്ക് തുടങ്ങുകയാണ്. പഞ്ചാബിലും ഗുജറാത്തിലും ഒക്കെ ഇത് പണ്ടേ ഉള്ളതാണ്.  ഈ ട്രെൻഡ് കേരളത്തിലെ  ഗ്രാമങ്ങളിൽ ഉള്ള സാധാരണക്കാർ പോലും മനസ്സിലാക്കിയിട്ടുണ്ട്, പക്ഷെ ഔദ്യോഗിക സംവിധാനങ്ങളിൽ ഇപ്പോഴും ഈ അറിവ് എത്തിയിട്ടില്ല.ഗൾഫിലേക്ക് തൊഴിൽ തേടിയുള്ള യാത്രയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനും വേണ്ടിയുള്ള യാത്രയും തമ്മിൽ വലിയ മാറ്റം ഉണ്ട്. പ്രവാസത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി പാശ്ചാത്യ രാജ്യങ്ങളിലേക്ക് മാറുമ്പോൾ അതനുസരിച്ച് നമ്മുടെ നോർക്ക പോലുള്ള സംവിധാനങ്ങളും മാറണം. ഇതിനെ പറ്റി കൂടുതൽ പിന്നീട് എഴുതാം.  

കേറി വാടാ മക്കളേ. ഇവിടുള്ള "പഴയ താപ്പാനകൾ" ഒന്നും പറയുന്നത് കാര്യമാക്കേണ്ട. അവസരങ്ങളുടെ ലോകമാണ് പുറത്തുള്ളത്.    

No comments

Powered by Blogger.