Header Ads

Header ADS

നാരദൻ എന്ന ഏഷണിക്കാരൻ

നാരദൻ എന്ന ഏഷണിക്കാരൻ | The Slanderer Naradhan

മാധ്യമ സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടോ? ഉണ്ടെങ്കിൽ അത് ആരെയും എന്തും പറയാനുള്ള അവകാശമാണോ? ഇൻഡ്യാ മഹാരജ്യത്തെ ഏതൊരു സാധാരണക്കാരനും ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)A അനുവധിച്ചുനൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം (Right to Freedom of Speech and Expression) മാത്രമേ മാധ്യമങ്ങൾക്കും ഉള്ളൂ. അല്ലാതെ എന്തും എഴുതാനും, പറയാനും ഉള്ള അവകാശം ഒരു മധ്യമത്തിനും ഇല്ല. ടെലിവിഷൻ ചാനലുകളുടെ ഈ അവകാശം കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൻ്റെ കൃത്യമായ ചട്ടകൂടിന് ഉള്ളിലുമാണ്. അതായത് സാധാരണക്കാരന് പറയാൻ കഴിയുന്ന ഏഷണികൾ പോലും ടെലിവിഷൻ ചാനലുകൾക്ക് കഴിയില്ല എന്ന് അർത്ഥം. എന്നിട്ടും, കേരളത്തിൽ മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കെട്ടിച്ചമച്ചതും, വളച്ചൊടിച്ചതും, വസ്തുതാ വിരുദ്ധവുമായ വാർത്തകൾ നൽകാൻ മത്സരിക്കുന്നത് പലപ്പോഴും വ്യക്തമാണ്. 

ഈ ചാനൽ നടത്തിപ്പുകാരായ അറിവിൻ്റെ നിറകുടങ്ങൾ ആദ്യം മനസിലാക്കേണ്ടത് പതിനഞ്ചോ ഇരുപതോ കൊല്ലം മുൻപ്‌ ഉണ്ടായിരുന്ന സാങ്കേതിക സഹചര്യമല്ല ഇന്നുള്ളത് എന്നും, ഈ ചാനൽ മേധാവികളിൽ  പലർക്കും ഇന്നും ഉപയോഗിക്കാൻ അറിയാത്ത പലവിധ സാങ്കേതിക വിദ്യയും അനായാസം കൈകാര്യം ചെയ്യുന്ന ഒരു പുതു തലമുറയാണ് ഇന്ന് വളർന്ന് വരുന്നത്. അവർ നിങ്ങളുടെ വാർത്തകളിലെ കാപട്യം നിമിഷങ്ങൾകൊണ്ട് തന്നെ തച്ചുടച്ച് തരിപ്പണമാക്കും. പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപ് കോടികൾ മുടക്കിയിറക്കുന്ന DSNG വാനുകൾ സ്വന്തമായിട്ടുള്ള ചാനലുകൾക്ക് മാത്രമായിരുന്നു ലൈവുകൾ ചെയ്യാൻ സാധിക്കുമായിരുന്നത്, എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കയ്യിൽ ഒരു സ്മാർട്ട് ഫോണുള്ള ആർക്കും നിമിഷ നേരകൊണ്ട് ഒരു പൊതു സമൂഹത്തിൻ്റെ മുന്നിലേക്ക് ലൈവായി വരാം, പറയാനുള്ളത് പറയാം. കൊടികുത്തിയ ചനലുകൾ നരദയാകുമ്പോൾ, ജനങ്ങൾ അതിനെതിരെ തിരിയും, ലൈവുകൾ നിമിഷങ്ങൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളിലേക്ക് എത്തും, അത് കാലങ്ങളോളം സമൂഹ മാധ്യമങ്ങളിൽ നരദന്മാർക്ക് വെല്ലുവിളിയായി പത്തി വിടർത്തി നിന്നാടും. 

സാക്ഷരതയിൽ വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ സ്വയം വിമർശനാത്മകമായി ചിന്തിക്കേണ്ടതിൻ്റെയും, അതിനനുസരിച്ച് എഡിറ്റോറിയൽ പോളിസികൾ മറ്റേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ആരുടെയും വായിലേക്ക് മൈക്ക് കുത്തി കയറ്റാനുള്ള അവകാശമല്ല മാധ്യമപ്രവർത്തനം, കിടക്കറകളിലും അടുക്കളകളിലും അധിനിവേശം നടത്തുന്നതല്ല മാധ്യമപ്രവർത്തനം. ഇരയോ പ്രതിയോ ആയാലും അത് സൗന്ദര്യം ഉള്ള സ്‌ത്രീ ആണെങ്കിൽ ആ വാർത്തയ്ക്ക് അമിത പ്രാധാന്യം നൽകുന്നതല്ല മുഖ്യധാരാ മധ്യമപ്രവർത്തനം, അത് മഞ്ഞയോ നീലയോ ഒക്കെ ആണ്. മുടിയും താടിയും വളർത്തിയ ചെറുപ്പക്കാർ എല്ലാവരും "കഞ്ചാവ്" ആണെന്ന പൊതു ധാരണ ഉണ്ടാക്കിയതിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല എന്നും, സ്വന്തം ആവശ്യങ്ങൾക്കായി വാർത്തകൾ പുഴുങ്ങി എടുക്കുന്നത് എങ്ങിനെയെന്നും, അവിടങ്ങളിലെ തൊഴിൽ പീഡനങ്ങളെ കുറിച്ചും നാരദൻ കൃത്യമായി പറയുന്നു. സ്കൂളുകളിലെ പാഠ്യ ഭാഗങ്ങളിൽ ഉൾപ്പടെയുള്ള കാവി വത്കരണത്തിന് എതിരെ മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവ്വം ശബ്‌ദിക്കാതിരിക്കുകയും, എന്നാൽ അവർ സ്വയം ആചാരാനുഷ്ടാനങ്ങളുടെ സംരക്ഷകരും വക്താക്കളും ആയി മാറുകയും ചെയ്യുന്നത് കഴിഞ്ഞ കാലങ്ങളിലെ സങ്കടകരമായ കാഴ്ചയായിരുന്നു. നാരദന്മാർക്ക് ആ വിഷം ചീറ്റലുകൾ പലപ്പോഴും ബിസിനസ്സ് മാത്രമായിരുന്നു. എന്നാൽ കാഴ്ചക്കാർക്കോ??

ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുകളിലാണ് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും എന്ന ധാരണ വിഡ്ഢിത്തമാണെന്ന് "നാരദൻ" വിളിച്ചുപറയുന്നു. വൃത്തികേടുകൾ എഴുതാനും പറയാനും സമൂഹത്തെ തെറ്റായ രീതിയിൽ നയിക്കാനും കഴിയാത്തതിൻ്റെ പേരിൽ, നമ്പർ വൺ ചാനലിൽ നിന്ന് ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത, എന്നാൽ എത്തിക്സ് ഉള്ള സ്ഥാപനങ്ങളിലേക്ക് മടങ്ങുന്ന നല്ല മാധ്യമപ്രവർത്തകരും ഇവിടെ ഇനിയും ഉണ്ടെന്ന് നാരദൻ വിളിച്ച് പറയുന്നു. ആദ്യം ആരോപണം, പിന്നീട് സൗകര്യം ഉണ്ടെങ്കിൽ വിശദീകരണവും തെളിവും എന്ന ബൈറ്റ് ജേർണലിസം സമൂഹത്തിന് എത്രമാത്രം അപകടകരമാണെന്ന് തുറന്ന് കാട്ടുകയാണ് നാരദൻ. പേപ്പട്ടിയെ പോലെ കുരയ്ക്കുകയും, പാനലിസ്റ്റുകളെ അധിക്ഷേപിക്കുകയും ചെയ്യുന്ന, പലപ്പോഴും നിയമ വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്യുന്ന  അന്തിച്ചർച്ചകളാണ് അതുല്യ മാധ്യമപ്രവർത്തനം എന്ന് കരുതുന്നവർക്ക് ഈ സിനിമ ഉൾകൊള്ളാൻ കഴിഞ്ഞേക്കില്ല. കള്ളുകുടിക്കാനും സർക്കാർ പണം ധൂർത്തടിക്കാനും എന്നതിലുപരി തൊഴിൽ നഷ്ടപ്പെടുന്ന സാധാരണകാരനായ ഒരു മാധ്യമ പ്രവർത്തകന് ഒരു ഗുണവും ഇല്ലാത്ത ഒന്നാണ് പത്രപ്രവർത്തക യൂണിയൻ എന്ന പച്ചയായ സത്യവും നാരദൻ പറയാതെ പറയുന്നു. ജാതി, മത, വർണ വ്യത്യാസങ്ങൾക്കെതിരെ ഘോരഘോരം അട്ടഹസിക്കുന്ന മാധ്യമ പ്രവർത്തകരിൽ പലരും ജാതി പേരുകൾ അഭിമാന പുരസ്സരം കൊണ്ടുനടക്കുകയോ, അതിനോട് ചേർന്ന് നിൽക്കാൻ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നുള്ള വിളിച്ചുപറയൽ അൽപ്പം അപമാനത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുകയുള്ളു. 

സംവിധായകൻ്റെയോ എഴുത്തുകരൻ്റെയോ അത്യാപര ബ്രില്യൻസും ഹോളിവുഡ് സിനിമയെ വെല്ലുന്ന ടെക്‌നിക്കൽ പേർഫെക്ഷനും ഈ സിനിമയിൽ പ്രതീക്ഷിക്കേണ്ടതില്ല. തെറ്റ് കുറ്റങ്ങൾ ഒരുപാടുണ്ട്. എന്നാൽ മീഡിയ ജിങ്കൊയിസത്തിനെതിരെയുള്ള ഒരു ഉറച്ച കാൽവെപ്പാണ് ഈ സിനിമ. നിയമ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു ഏഷണിക്കാരനായ "നാരദൻ" എന്നും ഈ സിനിമ വിളിച്ച് പറയുന്നു.

No comments

Powered by Blogger.